കുവൈത്ത്സിറ്റി: കുവൈത്തിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട് ഭാര്യയുടെ സഹോദരപുത്രന്റെ മുഖത്ത് കത്തികൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചയാൾക്ക് അഞ്ച് വർഷം കഠിനതടവ് വിധിച്ചു. നേരത്തെ പ്രതിയുടെ അസാന്നിധ്യത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധിക്കെതിരെ സമർപ്പിച്ച എതിർഹർജി തള്ളിക്കൊണ്ടാണ് ക്രിമിനൽ കോടതി ശിക്ഷ ശരിവച്ചത്.
15 വയസ്സിൽ താഴെയുള്ള ബാലനും പ്രതിയുടെ മകനും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുട്ടികളുടെ തർക്കത്തിൽ ഇടപെട്ട പ്രതി ബാലന്റെ മുഖത്ത് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബാലന്റെ മുഖത്തിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു. മുറിവ് തുന്നിക്കെട്ടാൻ ശസ്ത്രക്രിയ ആവശ്യമായി വന്നു.
ഫോറൻസിക് മെഡിക്കൽ റിപ്പോർട്ട് പ്രകാരം ബാലന്റെ മുഖത്ത് ഏകദേശം 10 സെന്റിമീറ്റർ നീളമുള്ള മുറിവാണ് ഉണ്ടായിരുന്നത്. നെറ്റിയിലേക്ക് നീളുന്ന മറ്റൊരു മുറിവും കണ്ടെത്തി. കൂടാതെ മുഖത്ത് നീർക്കെട്ടും വായയുടെ ഇടതുഭാഗത്ത് നേരിയ വ്യതിയാനവും ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കി.മുറിവുകൾ 30 ദിവസത്തിനുള്ളിൽ ഭേദമായെങ്കിലും ബാലന്റെ മുഖത്ത് സ്ഥിരമായി കാണാവുന്ന വൈകല്യം അവശേഷിച്ചതായും മെഡിക്കൽ പരിശോധനയിൽ കണ്ടെത്തി.കേസിൽ നേരത്തെ പ്രതിയുടെ അസാന്നിധ്യത്തിൽ അഞ്ച് വർഷം കഠിനതടവ് വിധിച്ചിരുന്നു. എന്നാൽ കുറ്റാരോപണങ്ങൾ നിഷേധിച്ച പ്രതി വിധിക്കെതിരെ എതിർഹർജി സമർപ്പിക്കുകയായിരുന്നു. സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
അതേസമയം, ഇരയായ ബാലനുവേണ്ടി ഹാജരായ അഭിഭാഷക ഇനാം ഹൈദർ ശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ബാലന് താൽക്കാലിക നഷ്ടപരിഹാരമായി 5,001 കുവൈത്ത് ദിനാർ അനുവദിക്കണമെന്നും കോടതിയോട് അഭ്യർത്ഥിച്ചു.കേസിലെ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച കോടതി പ്രതിയുടെ വാദങ്ങൾ തള്ളി അഞ്ച് വർഷത്തെ കഠിനതടവ് ശരിവയ്ക്കുകയായിരുന്നു. ശിക്ഷ ഉടൻ നടപ്പാക്കാനും കോടതി ഉത്തരവിട്ടു.നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി തുടർനടപടികൾക്കായി ബന്ധപ്പെട്ട സിവിൽ കോടതിയിലേക്ക് മാറ്റുകയും ചെയ്തു.



