കുവൈത്ത് സിറ്റി: ഗൾഫ് ബാങ്ക് മാരത്തണിന്റെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.നവംബർ 28 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഗതാഗത നിയന്ത്രണം. ഈ സമയത്ത് അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ വിവിധ ഭാഗങ്ങളിൽ പൂർണമായും ഭാഗികമായും ഗതാഗതം നിരോധിക്കും.
വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗത സൂചനാ ബോർഡുകളും ട്രാഫിക് പോലീസിന്റെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.മാരത്തണിൽ പങ്കെടുക്കുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർ മുൻകൂട്ടി യാത്ര ക്രമീകരിക്കുന്നതും ബദൽ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതും ഉചിതമായിരിക്കും.



