'വേഗത്തിൽ ഉയരത്തിൽ കരുത്തോടെ ഒരുമിച്ച്'; ഒളിമ്പിക് മുദ്രാവാക്യം പരിഷ്കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി

  • 20/07/2021

ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. വേഗത്തിൽ ഉയരത്തിൽ കരുത്തോടെ ഒരുമിച്ച് എന്നതാണ് ഒളിമ്പിക്സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേർന്ന ഐഒസി യോഗത്തിലാണ് ഒന്നിച്ച് എന്നത് കൂട്ടിച്ചേർത്ത് മാറ്റത്തിന് അംഗീകാരം നൽകിയത്.

സൈറ്റസ് (വേഗത്തിൽ), ആൽറ്റിയസ് (ഉയരത്തിൽ), ഫോർടിയസ് (കരുത്തോടെ) എന്നിങ്ങനെ മൂന്നു ലാറ്റിൻ വാക്കുകളാണ് നേരത്തെ ഉപയോഗിച്ചിരുന്നത്. ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേർക്കാനുള്ള നിർദേശം ഐഒസി പ്രസിഡന്റ് തോമസ് ബാക് ആണ് മുന്നോട്ടുവെച്ചത്. എക്സിക്യൂട്ടീവ് ബോഡി ആ നിർദേശം അംഗീകരിച്ചു. ലോകം കൊറോണ മഹാമാരിയിലൂടെ കടന്നു പോകുന്ന പശ്ചാത്തലത്തിലാണ് ഒരുമിച്ച് എന്ന വാക്ക് കൂടി ഒളിമ്പിക്സിന്റെ മുദ്രാവാക്യത്തോട് കൂട്ടിച്ചേർത്തത്.

ടോക്യോയിൽ 2020-ൽ നടക്കേണ്ട ഒളിമ്പിക്സ് കൊറോണ വ്യാപനത്തെ തുടർന്ന് 2021-ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോഴും കൊറോണ ആശങ്കയ്ക്ക് ഇടയിലാണ് ഒളിമ്പിക്സ് നടക്കുന്നത്.

Related Articles