അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ ഇറാഖിന് ജയം

  • 20/01/2023




ബസ്ര : അറേബ്യന്‍ ഗള്‍ഫ് കപ്പില്‍ ആതിഥേയരായ ഇറാഖിന് ജയം. ബസ്റ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ ഒമാനെ 3-2ന് തകര്‍ത്താണ് അറേബ്യന്‍ ഫുട്ബാള്‍ കിരീടം ഇറാഖ് കൈപ്പിടിയിലാക്കിയത്.ഇതോടെ മൂന്നാം വർഷവും കിരീടം സ്വന്തമാക്കുകയെന്ന ഒമാൻ സ്വപ്നം പൊലിഞ്ഞു.

ഒന്നാം പകുതിയില്‍ ഇടത് വലത് വിങ്ങുകളിലൂടെ നിരന്തരം ആക്രമണം അഴിച്ച്‌ വിട്ട് കൊണ്ടായിയിരുന്നു ഒമാന്‍ മുന്നേറിയത്. ഗോളടിക്കാനുള്ള അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷീങ്ങിലെ പാളിച്ചകള്‍ റെഡ് വാരിയേഴ്സിന് തിരിച്ചടിയാകുകയായിരുന്നു. ഇതിനിടയിലാണ് 24ാം മിനിറ്റില്‍ ഒമാന്‍റെ നെഞ്ചകം പിളര്‍ത്ത് ഇബ്രാഹിം ബയേഷിന്‍റെ വലം കാല്‍ ഷോട്ട് വലയില്‍ മുത്തമിടുന്നത്. ഒരുഗോള്‍ നേടിയതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇറാഖിനേയായിരുന്നു കളത്തില്‍ കണ്ടത്. ഒമാന്‍ ആകട്ടെ ആക്രമണം ശക്തമാക്കുകയും ചെയ്തു. 37, 40 മിനിറ്റുകളില്‍ തുറന്ന അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുപ്പ് നടത്താനായില്ല.

രണ്ടാം പകുതിയില്‍ സമനില പിടിക്കാനാന്‍ തുനിഞ്ഞിറങ്ങിയ ഒമാനായിരുന്നു കളത്തില്‍. എന്നാല്‍, ഇറാഖാകട്ടെ പ്രതിരോധത്തോടൊപ്പം ആക്രമണവും ശക്തമാക്കി. ഇതിനിടെ ഒമാന്‍റെ ഗോള്‍മുഖം പലപ്പോഴും വിറക്കുകയും ചെയ്തു. കളി സമനിലയിലെത്തിക്കാന്‍ 80ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി ഒമാന് ലക്ഷ്യത്തിലത്തിക്കാനായില്ല. ഒമാന്‍ താരത്തിന്‍റെ ക്വിക്ക് ഇറാഖ് ഗോളി അനായസമായി കയ്യിലൊതുക്കുകയായിരുന്നു.ഒടുവില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ ഒമാന്‍ സമനില തിരിച്ച്‌ പിടിക്കുകയും ചെയ്തു.

എന്നാല്‍, അധിക സമയത്തില്‍ (116) ലഭിച്ച മറ്റൊരു പെനാല്‍റ്റിയിലൂടെ ഇറാഖ് മുന്നില്‍ എത്തി. അംജദ് അത്വാനായിരുന്നു ക്വിക്കെടുത്തത്. മൂന്നു മിനിറ്റിന് ശേഷം ഒമാന്‍ സമനില തിരിച്ച്‌ പിടിക്കുകയും ചെയ്തു. കളിഅവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ മനാഫ് യൂസുഫിന്‍റെ ഗോളിലുടെ ആതിഥേയര്‍ വിജയകീരീടം ചൂടുകയായിരുന്നു.

Related Articles