കുവൈത്തിൽ നവംബർ 1 മുതൽ പുതിയ തൊഴിൽ നിയമം; തൊഴിൽ സമയവിവരങ്ങൾ 'അഷാൽ' സിസ്റ്റത്തിൽ നിർബന്ധമായും സമർപ്പിക്കണം

  • 22/10/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ നവംബർ 1 മുതൽ പുതിയ തൊഴിൽ നിയമം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രതിദിന ജോലി സമയം, വിശ്രമവേളകൾ, പ്രതിവാര അവധി ദിനങ്ങൾ, ഔദ്യോഗിക പൊതു അവധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നവംബർ 1 മുതൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ അംഗീകൃത ഇലക്ട്രോണിക് സംവിധാനമായ അഷാൽ വഴി നിർബന്ധമായും സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു. തൊഴിലുടമകൾ ഈ വിവരങ്ങൾ രേഖപ്പെടുത്തുക മാത്രമല്ല, എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ഉടനടി അത് അപ്‌ഡേറ്റ് ചെയ്യുകയും വേണമെന്ന് അതോറിറ്റി വ്യക്തമാക്കി. പരിശോധനകൾക്കും തുടർനടപടികൾക്കുമായി അതോറിറ്റി ഇൻസ്‌പെക്ടർമാർക്ക് ഈ ഡാറ്റ ഔദ്യോഗിക റെഫറൻസായിരിക്കും.

അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ സമർപ്പിച്ച ഈ വർക്ക് ഷെഡ്യൂൾ ഔദ്യോഗിക അംഗീകാരമായി കണക്കാക്കും. ഇത് പ്രകാരം, തൊഴിലുടമകൾ അംഗീകൃത ഷെഡ്യൂൾ പ്രിന്റ് എടുത്ത് ജീവനക്കാർക്ക് കാണാവുന്ന രീതിയിൽ ജോലിസ്ഥലത്ത് പ്രമുഖ സ്ഥാനത്ത് പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. പുതിയ വ്യവസ്ഥകൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഈ തീരുമാനത്തിലൂടെ അതോറിറ്റിക്ക് അധികാരം ലഭിച്ചു. നിയമത്തിലെ ആർട്ടിക്കിൾ നാല് പ്രകാരം, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളുടെ ഫയലുകൾ നവംബർ 1, 2025 മുതൽ ഭാഗികമായോ പൂർണ്ണമായോ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ സാധ്യതയുണ്ട്.

Related News