യാത്രാ ഏജൻസികൾക്കും വിമാനക്കമ്പനികൾക്കുമെതിരെ നടപടി; കുവൈത്തിൽ 66 നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തി

  • 23/10/2025



കുവൈത്ത് സിറ്റി: നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് കുവൈത്തിലെ ട്രാവൽ ഓഫീസുകൾക്കും ഒരു വിമാനക്കമ്പനിക്കും എതിരെ 66 നിയമലംഘനങ്ങളും പിഴകളും ചുമത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു. വിവിധ യാത്രാ ഓഫീസുകൾ സോഷ്യൽ മീഡിയ ലൈസൻസിംഗുമായി ബന്ധപ്പെട്ട് നടത്തിയ 58 നിയമലംഘനങ്ങളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നതെന്ന് എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടറും പിഎസിഎയുടെ കംപ്ലയിന്റ്‌സ് ആൻഡ് ആർബിട്രേഷൻ കമ്മിറ്റി ചെയർമാനുമായ അബ്ദുള്ള അൽ രാജി പറഞ്ഞു. ഇതിനുപുറമെ, ടിക്കറ്റിംഗ് നിയമങ്ങൾ ലംഘിച്ചതിന് എട്ട് ട്രാവൽ ഏജൻസികൾക്കും ഒരു വിമാനക്കമ്പനിക്കും പിഴ ചുമത്തി.

ഔദ്യോഗിക അനുമതിയില്ലാതെ സിവിൽ ഏവിയേഷൻ ബിസിനസ് നടത്തിയതിന് രണ്ട് വ്യക്തികളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. 1987-ലെ ഡിക്രി നിയമം നമ്പർ 31-ലെ ആർട്ടിക്കിൾ 12 ആണ് ഇവർ ലംഘിച്ചത്. ഈ വർഷം കമ്മിറ്റി ചേർന്ന 10-ാമത്തെ യോഗത്തിലാണ് 'സാഹേൽ' ആപ്പ് വഴി ലഭിച്ച യാത്രാ പരാതികളും, ഫീൽഡ് പരിശോധനകളിലൂടെയും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും കണ്ടെത്തിയ നിയമലംഘനങ്ങളും അവലോകനം ചെയ്തത്. കണ്ടെത്തിയ എല്ലാ നിയമലംഘനങ്ങളിലും കുവൈത്തിലെ സിവിൽ ഏവിയേഷൻ നിയമങ്ങൾക്കും സർക്കുലറുകൾക്കും അനുസൃതമായി നിയമനടപടി സ്വീകരിച്ചതായി അൽ രാജി വ്യക്തമാക്കി.

Related News