സൗന്ദര്യ ചികിത്സക്കായി കുട്ടികളെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയ യുവതിക്ക് 4000 ദിനാർ പിഴ

  • 20/08/2025


കുവൈത്ത് സിറ്റി: സ്വന്തം മക്കളെ ഉപേക്ഷിച്ച് വിദേശത്ത് സൗന്ദര്യ ശസ്ത്രക്രിയക്കായി പോയ അമ്മയ്ക്ക് 4000 ദിനാർ പിഴ ചുമത്തി. കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയും അവരെ അപകടത്തിലാക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മിസ്ഡിമിയർ കോടതിയുടെ നടപടി. സംഭവം നടന്നപ്പോൾ അമ്മ കുട്ടികളെ പിതാവിന്‍റെ അപ്പാർട്ട്മെന്‍റിലാണ് വിട്ടത്. കുട്ടികളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടും സാക്ഷികളുടെ മൊഴികളും മകന്‍റെ മൊഴിയും പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ നിർണായകമായി.

പരാതി നൽകുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ കുട്ടികളുടെ അമ്മ അവരെ നോക്കിയിരുന്നില്ലെന്ന് മുത്തശ്ശി കോടതിയിൽ മൊഴി നൽകി. അവർ മനഃപൂർവ്വം അവരെ അവഗണിച്ചതായും മുത്തശ്ശി പറഞ്ഞു. പിതാവും ഈ മൊഴി ശരിവെച്ചു. അമ്മ തങ്ങളെ ഉപേക്ഷിച്ച് പോയിട്ട് ഒരുപാട് കാലമായെന്നും, തനിക്ക് അച്ഛനൊപ്പം മാത്രം താമസിച്ചാൽ മതിയെന്നും മകൻ കോടതിയിൽ അറിയിച്ചു. അമ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്നും 1,001 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടണമെന്നും മുത്തശ്ശിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

Related News