നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി: സബ്സ്ക്രൈബേര്‍സിന്‍റെ എണ്ണം കുത്തനെ കുറഞ്ഞു

  • 20/07/2022



ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ തുടര്‍ച്ചയായ രണ്ടാം പാദത്തിലും സബ്സ്ക്രൈബേര്‍സിന്‍റെ എണ്ണം കുത്തനെ കുറഞ്ഞതായി നെറ്റ്ഫ്ലിക്സ്. ചൊവ്വാഴ്ചയാണ് നെറ്റ്ഫ്ലിക്സ് ഈ കാര്യം അറിയിച്ചത്. സ്ട്രീംമിഗ് രംഗത്ത് നെറ്റ്ഫ്ലിക്സ് കടുത്ത മത്സരം നേരിടുന്നതിനിടെയാണ് ഈ പുതിയ വാര്‍ത്ത പുറത്തുവരുന്നത്. പുതിയ പാദത്തിൽ 970,000 പണമടക്കുന്ന ഉപഭോക്താക്കളെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടമായത്. ഇത് എന്നാല്‍ പ്രതീക്ഷിച്ചതിലും കുറവാണ് എന്നാണ് നെറ്റ്ഫ്ലിക്സ് വാദം. നെറ്റ്ഫ്ലിക്സിന് ഇപ്പോള്‍ 221 ദശലക്ഷം പെയിഡ് ഉപയോക്താക്കളാണ് ഉള്ളത്.

"ഞങ്ങളുടെ വരുമാനവും അംഗത്വ വളർച്ചയും വേഗത്തിലാക്കുകയും അതേ സമയം നിലവിലെ പ്രേക്ഷകരെ നിലനിര്‍ത്തി അവരില്‍ നിന്നും വരുമാനം നേടുക എന്നതാണ് ഞങ്ങളുടെ വെല്ലുവിളിയും അവസരവും," നെറ്റ്ഫ്ലിക്സ് അതിന്റെ വരുമാന റിപ്പോർട്ടിൽ പറയുന്നു.

2021 അവസാന പാദം തൊട്ടാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ നെറ്റ്ഫ്കിക്സിന് തിരിച്ചടി ലഭിച്ചു തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന് 2021 അവസാനത്തെ അപേക്ഷിച്ച് ആദ്യ പാദത്തിൽ ലോകമെമ്പാടുമുള്ള 200,000 ഉപഭോക്താക്കള്‍ നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു. ഇത് നെറ്റ്ഫ്ലിക്സ് ഓഹരികളെയും വളരെ മോശമായി ബാധിച്ചു.

പണമടച്ച് നെറ്റ്ഫ്കിക്സ് കാണുന്നവരുടെ എണ്ണത്തില്‍ തിരിച്ചടി ലഭിക്കുന്ന നെറ്റ്ഫ്ലിക്സ് ഇതോടെ മറ്റ് വരുമാന മാര്‍ഗ്ഗങ്ങളും ആലോചിച്ചു തുടങ്ങി. അങ്ങനെയാണ് വീഡിയോകളില്‍ പരസ്യത്തിന്റെ വരവ് പ്രഖ്യാപിച്ചത്. ഇതിലൂടെ സ്ട്രീംമിംഗ് രംഗത്തെ മുന്‍നിരക്കാര്‍ എന്ന നേട്ടം നിലനിര്‍ത്താന്‍ ആവശ്യമായ നിക്ഷേപത്തിന് അവസരം ലഭിക്കും എന്നാണ് നെറ്റ്ഫ്ലിക്സ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നെറ്റ്ഫ്ലിക്സിന്‍റെ 'പരസ്യ' പദ്ധതിക്ക് അടക്കം തിരിച്ചടിയാണ് ഇപ്പോഴത്തെ വാര്‍ത്ത എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. "നെറ്റ്ഫ്ലിക്സിന്റെ വരിക്കാരുടെ നഷ്ടം പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഉപഭോക്താക്കളിൽ നിന്നുള്ള സബ്സ്ക്രിപ്ഷൻ വരുമാനത്തെ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു കമ്പനിക്ക് ഇത് വലിയ തിരിച്ചടിയാണ്" അനലിസ്റ്റ് റോസ് ബെൻസ് പ്രതികരിച്ചു.
പരമാവധി ലാഭം ഉണ്ടാക്കുന്ന ഫ്രാഞ്ചൈസികളെ കണ്ടെത്തുന്നില്ലെങ്കിൽ, എതിരാളികള്‍ക്ക് മുന്നില്‍ നെറ്റ്ഫ്ലിക്സ് പരാജയപ്പെടുന്ന അവസ്ഥയുണ്ടാകും എന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേ സമയം ലോഗിന്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നതാണ് നെറ്റ്ഫ്ലിക്സ് നേരിടുന്ന വലിയ വെല്ലുവിളിയെന്നാണ് അവര്‍ തന്നെ സമ്മതിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് നെറ്റ്ഫ്ലിക്സിന്‍റെ തീരുമാനം എന്ന് അതിന്‍റെ മുതിര്‍ന്ന നേതൃത്വം തന്നെ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 

Related Articles