പാര്‍ട്ടിയില്‍ പദവിയില്ല, CWC തെരഞ്ഞെടുപ്പില്‍ പൊരുത്തക്കേട്, മാനസിക വിഷമമുണ്ടായി: ചെന്നിത്തല

  • 11/09/2023

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചപ്പോള്‍ മാനസിക സംഘര്‍ഷമുണ്ടായെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. രണ്ടു പതിറ്റാണ്ട് മുൻപ് ലഭിച്ച അതേ പദവിയില്‍ തന്നെ വീണ്ടും നിയമിച്ചപ്പോഴാണ് അസ്വാഭാവിക തോന്നിയത്.


പാര്‍ട്ടി മുമ്ബ് ഒരുപാട് ഉത്തരവാദിത്തങ്ങളും പദവികളും നല്‍കിയിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 2 വര്‍ഷമായി ഒരു പാര്‍ട്ടി പദവിയിലുമില്ല. എന്നിട്ടും സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെതിരായ പോരാട്ടത്തിന് ഞാൻ നേതൃത്വം നല്‍കി. ഒരു പദവിയും ഇല്ലെങ്കിലും അത് തുടരും. പ്രവര്‍ത്തക സമിതിയുമായി ബന്ധപ്പെട്ട് പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനം.

പുറത്തുപറഞ്ഞു പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല. പാര്‍ട്ടിക്കുള്ളില്‍ പറയും. നേരത്തെ പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടതിലായിരുന്നില്ല. അത് കൈകാര്യം ചെയ്ത രീതിയിലായിരുന്നു പ്രശ്നം. അതില്‍ ആരോടും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. ഇതിന്റെ പിന്നാലെയാണ് പ്രവര്‍ത്തകസമിതി തെരഞ്ഞെടുപ്പിലും അവഗണനയുണ്ടായത്. കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നില്ല. വിഷമം ഉണ്ടായി എന്നത് സത്യമാണ്. പ്രതീക്ഷിക്കാത്ത ഒരു കാര്യം കേള്‍ക്കുമ്ബോള്‍ വികാരവിക്ഷോഭം ഉണ്ടായി. പറയാനുള്ളത് ഹൈക്കമാൻഡിനെ അറിയിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News