നിപ സംശയം: ചികിത്സയില്‍ നാലുപേര്‍, സമ്ബര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം

  • 12/09/2023

കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് നാലുപേര്‍ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയില്‍ ഉള്ളത്. ഒമ്ബതു വയസുള്ള കുട്ടി വെന്റിലേറ്ററിലാണ്. പത്തുമാസം പ്രായമുള്ള കുട്ടിയും ചികിത്സയിലുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രതപാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 


പനിവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ 75 പേരുടെ സമ്ബര്‍ക്ക പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക സമ്ബര്‍ക്കമാണ് ആണ് എല്ലാം. ഹൈ റിസ്കിലും ഇവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ നിപ സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ച്‌ 16 ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. സ്വീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ ഇടപെടലുകള്‍ നടന്നു വരുന്നു. വൈകിട്ട് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും യോഗം ചേരും- മന്ത്രി പറഞ്ഞു.

Related News