ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു: പ്രതിപക്ഷ നേതാവ്

  • 12/09/2023

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം പാടെ തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. അമ്മയോടൊപ്പം ഉറങ്ങി കിടക്കുന്ന പെണ്‍മക്കളെ ആര്‍ക്കും എടുത്ത് കൊണ്ട് പോയി പീഡിപ്പിച്ച്‌ കൊല്ലാൻ കഴിയുന്ന നാടായി കേരളം മാറി.


അത് തടയാൻ കഴിയാതെ പോലീസ് വലിയ സംഭവമാണെന്ന് വീമ്ബ് പറയുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍ ആലുവയിലെ പീഡനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'പോക്സോ കേസില്‍ ഇടപ്പെട്ട മുൻ എംഎല്‍എയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. പക്ഷെ കേസെടുത്തില്ല. അതാണ് ഇവിടുത്തെ സ്ത്രീ സംരക്ഷണം. തൃശൂരിലും ആലപ്പുഴയിലും സ്ത്രീകള്‍ അപമാനിക്കപ്പെട്ട സംഭവങ്ങളില്‍ പാര്‍ട്ടി ഒതുക്കി തീര്‍ത്തു. പോലീസ് സംവിധാനം ആകെ തകര്‍ന്നു. ഡിജിപി വിളിച്ചാല്‍ എസ്പി കേള്‍ക്കില്ല. എസ്പി വിളിച്ചാല്‍ എസ്‌എച്ച്‌ഒ കേള്‍ക്കില്ല. അവര്‍ക്കെല്ലാം പാര്‍ട്ടി ജില്ലാ സെക്രട്ടറി വിളിക്കണം. പാര്‍ട്ടി പോലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയുമാക്കി ഒരു ഉപജാപകസംഘം സംസ്ഥാനത്ത് പോലീസ് ഭരണത്തെ ഹൈജാക്ക് ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്' സതീശൻ പറഞ്ഞു.

Related News