പി എസ് സി തട്ടിപ്പ്: മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേത്തി കീഴടങ്ങി

  • 18/09/2023

പി എസ് സിയുടെ പേരിലെ നിയമന തട്ടിപ്പില്‍ മുഖ്യ പ്രതി രാജലക്ഷമി തിരുവനന്തപുരത്തെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേത്തി കീഴടങ്ങി. തട്ടിപ്പിലെ മറ്റൊരു പ്രതിയായ കോട്ടയം സ്വദേശിനി ജോയിസി ജോര്‍ജും പിടിയിലായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസാണ് കോട്ടയത്ത് നിന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

ഉദ്യോഗാര്‍ത്ഥികളെ പി എസ് സി ഉദ്യോഗസ്ഥ എന്ന പേരില്‍ ഇന്റര്‍വ്യൂ നടത്തി കബളിപ്പിച്ചതാണ് കേസിന് ആധാരമായ സംഭവം. കോട്ടയം സ്വദേശിനി ജോയിസി ജോര്‍ജായിരുന്നു പി എസ് സി ഉദ്യോഗസ്ഥ എന്ന പേരില്‍ ഇന്റര്‍വ്യൂ നടത്തി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചത്. ഒന്നാം പ്രതി രാജലക്ഷ്മിയുടെ അടുത്ത കൂട്ടാളിയാണ് ഇവര്‍.

അതേസമയം തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഒരു സ്ഥാപനം പൊലീസ് ബാന്‍റിലേക്ക് ആളെയെടുക്കാൻ പി എസ് സി നടത്തുന്ന പരീക്ഷയില്‍ ആവശ്യപ്പെടുന്ന പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി എഴുതി നല്‍കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് 3000 മുതല്‍ 5000 രൂപവരെ ഇവര്‍ കൈപ്പറ്റുന്നു. ജീവൻ സംഗീത് മ്യൂസിക് അക്കാദമി എന്ന സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മറ്റൊരു പരിശോധനയും കൂടാതെ ജില്ലാ രജിസ്ടാര്‍ ഓഫീസില്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുകയും ചെയ്യും.

Related News