വിദേശ ചികിത്സാ ഫണ്ട് അപഹരിച്ച കേസിൽ പ്രവാസിക്ക് പിഴ ശിക്ഷ ആറ് മില്യൺ കുവൈത്തി ദിനാർ

  • 02/04/2024


കുവൈത്ത് സിറ്റി: വിദേശ ചികിത്സാ ഫണ്ട് അപഹരിച്ച കേസിൽ പ്രവാസിക്ക് ശിക്ഷ വിധിച്ച് അപ്പീൽ കോടതി. കേസിലെ ഒന്നാം പ്രതിയും ഒരു ട്രാവൽ ഓഫീസ് ഡയറക്ടറായിരുന്ന ഒളിവിൽപ്പോയ ഈജിപ്ഷ്യൻ പ്രവാസിക്ക് പത്ത് വർഷം തടവും ആറ് മില്യൺ കുവൈത്തി ദിനാർ പിഴയുമാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ മന്ത്രാലയത്തിലെ കുവൈത്ത് ഉദ്യോഗസ്ഥനായ രണ്ടാം പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് ഇയാൾ ജയിലിലാണ്. 

തട്ടിപ്പ് സുഗമമാക്കുന്നതിൽ നിന്ന് ലാഭം നേടിയതിന് കോടതി 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. വിദേശ ചികിത്സയ്ക്കായി നിയോഗിക്കപ്പെട്ട ഫണ്ടിൽ നിന്ന് 15 മില്യൺ കുവൈത്തി ദിനാർ അപഹരിച്ച കേസാണ് പബ്ലിക്ക് പ്രോസിക്യൂഷൻ അന്വേഷിച്ചത്. ഒരു പ്രതി, നിലവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന ഈജിപ്ഷ്യൻ പ്രവാസിയും മറ്റൊരാൾ പിടിയിലായ കുവൈത്തി പൗരനുമാണ്. ഒരു ട്രാവൽ ഓഫീസിൻ്റെ ഡയറക്ടറായി ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ പ്രതി വ്യാജ ഇൻവോയ്സുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

Related News