'ദയവുചെയ്ത് ഉച്ചസമയത്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യരുത്'; സൊമാറ്റോയുടെ അഭ്യര്‍ഥന

  • 02/06/2024

ഉത്തരേന്ത്യയില്‍ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളോട് അഭ്യർഥനയുമായി ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോ. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഉച്ചസമയത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സൊമാറ്റോയുടെ അഭ്യർഥന. എക്‌സില്‍ കമ്ബനി പങ്കുവച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

അത്യുഷ്ണത്തില്‍ ഇതുവരെ 150 പേരാണ് ഉത്തരേന്ത്യയില്‍ മരിച്ചത്. ഉത്തർപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് 33 പേരുടെ മരണം. ഹോം ഗാർഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാർ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയില്‍ മാത്രം 96 പേർ മരിച്ചു.

ബുധനാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദേശം തുടരുന്നത്. ഡല്‍ഹിയിലും രാജസ്ഥാനിലും അന്തരീക്ഷ താപനില നേരിയ തോതില്‍ കുറഞ്ഞെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ശരാശരി ചൂട് 45 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്. അതേസമയം ഡല്‍ഹിയിലെ കുടിവെള്ളക്ഷാമത്തിന് ഇന്നും പരിഹാരമായിട്ടില്ല.

ആശുപത്രികളിലും പൊതുയിടങ്ങളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശം നല്‍കിയിട്ടുണ്ട്.

Related News