സൈനിക ക്യാപ്റ്റന്‍റെ വേഷത്തിൽ വീഡിയോ കോൾ; ഭിന്നശേഷിക്കാരന് നഷ്ടമായത് ആയിരം കുവൈത്തി ദിനാര്‍

  • 24/06/2024


കുവൈത്ത് സിറ്റി: വീഡിയോ കോൾ തട്ടിപ്പിന് ഇരയായ ഭിന്നശേഷിക്കാരനായ കുവൈത്തിക്ക് ബാങ്ക് ബാലൻസ് മുഴുവൻ നഷ്ടമായി. 86 വയസ്സുള്ള കുവൈത്തി പൗരനാണ് തട്ടിപ്പിനിരയായത്. അൽ ദഹർ പോലീസ് സ്റ്റേഷനിൽ പൗരൻ പരാതി നൽകിയിട്ടുണ്ട്. ഈദിന് രണ്ട് ദിവസം മുമ്പാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്ന ആയിരം ദിനാറും നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു. ഉച്ചകഴിഞ്ഞ് 3:10 ന് ഒരു വീഡിയോ കോളിനിടെ സൈനിക ക്യാപ്റ്റനായി വേഷമിട്ട തട്ടിപ്പുകാരൻ ഭിന്നശേഷിയുള്ളവര്‍ക്ക് സാമ്പത്തിക സഹായം നൽകാൻ നിയോഗിച്ചതായി അവകാശപ്പെട്ട് വിളിക്കുകയായിരുന്നു.

ഇത് വിശ്വസിച്ച് കുവൈത്തി പൗരൻ തൻ്റെ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും ആവശ്യപ്പെട്ട പ്രകാരം ഒടിപി കോഡ് നൽകുകയും ചെയ്തു. ഇതോടെയാണ് അക്കൗണ്ട് കാലിയായത്. ഇത്തരം തട്ടിപ്പുകള്‍ക്ക് മുമ്പും ഇരയായിട്ടും ജാഗ്രത പുലര്‍ത്തിയിട്ടും തട്ടിപ്പുകാരുടെ തന്ത്രത്തിന് മുന്നില്‍ അദ്ദേഹം വീണ്ടും വീഴുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തോടും ബന്ധപ്പെട്ട അതോറിറ്റികളോടും സഹായത്തിനായി അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News