വനിതാ ഡോക്ടറുടെ കൊലപാതകം: മുൻ പ്രിൻസിപ്പലിന്‍റെ നുണ പരിശോധന നടത്തും

  • 22/08/2024

കൊല്‍ക്കത്തിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ ആർ.ജെ. കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികള്‍ സംബന്ധിച്ച്‌ സി.ബി.ഐ. സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.

കൊല്‍ക്കത്ത ഹൈകോടതി നിർദേശത്തെ തുടർന്ന് പൊലീസില്‍നിന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ നിരവധി തവണ സന്ദീപിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഘോഷിന്‍റെ പ്രതികരണങ്ങളില്‍ പൊരുത്തക്കേട് തോന്നിയതോടെയാണ് നുണ പരിശോധന നടത്താൻ കോടതിയുടെ അനുമതി തേടിയത്. ആഗസ്റ്റ് ഒമ്ബതിനാണ് പി.ജി ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊല്ലപ്പെട്ടതിന് പിന്നാലെ വനിതാ ഡോക്ടറുടെ രക്ഷിതാക്കള്‍ക്ക് തെറ്റായ വിവരങ്ങളാണ് പ്രിൻസിപ്പല്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്. പോലീസില്‍ പരാതിപ്പെടാനും വൈകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നുള്‍പ്പെടെ നിരന്തരം ചോദ്യം ഉയർന്നിരുന്നു. ‘എന്തുകൊണ്ടാണ് പ്രിൻസിപ്പല്‍ എഫ്.ഐ.ആർ. രേഖപ്പെടുത്തുന്ന സമയത്ത് എത്താതിരുന്നത്? അദ്ദേഹത്തെ ആരെങ്കിലും അതില്‍ നിന്ന് തടഞ്ഞോ?’ തുടങ്ങിയ കാര്യങ്ങള്‍ കോടതിയില്‍ വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടിരുന്നു.

Related News