ഇസെഡ് പ്ലസ് സുരക്ഷ ചാരപ്രവര്‍ത്തനത്തിന്? ആശങ്ക രേഖപ്പെടുത്തി ശരത് പവാര്‍

  • 23/08/2024

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഇസെഡ് പ്ലസ് സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി എൻ.സി.പി അധ്യക്ഷൻ ശരത് പവാർ. ചാരപ്രവർത്തനത്തിനു വേണ്ടിയാണെന്നു സംശയിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ മഹാവികാസ് അഘാടി സഖ്യത്തിന്റെ തന്ത്രങ്ങളെക്കുറിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ ചോർത്താൻ വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നാണ് പവാർ ആരോപിക്കുന്നത്. 

ബുധനാഴ്ചയാണ് രാജ്യത്തെ ഏറ്റവും വലിയ വി.ഐ.പി സുരക്ഷയായ ഇസെഡ് പ്ലസ്, ഇൻഡ്യ സഖ്യത്തിന്റെ മുൻനിര നേതാക്കളിലൊരാളായ ശരത് പവാറിന് ഒരുക്കുന്നത്. കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാതെയാണ് സുരക്ഷ ഒരുക്കിയതെന്നാണു വ്യക്തമാകുന്നത്. ഇത്തരമൊരു നീക്കത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച്‌ അറിയില്ലെന്നാണ് പവാർ തന്നെ പ്രതികരിച്ചിട്ടുള്ളത്. 

കേന്ദ്ര സർക്കാർ മൂന്നുപേർക്ക് ഇസെഡ് പ്ലസ് സുരക്ഷ അനുവദിക്കാൻ തീരുമാനിച്ച വിവരം ഒരു ആഭ്യന്തര മന്ത്രാലയം വൃത്തമാണ് തന്നെ അറിയിച്ചതെന്ന് ശരത് പവാർ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റു രണ്ടുപേർ ആരൊക്കെയാണെന്നു ചോദിച്ചപ്പോള്‍ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണെന്ന മറുപടിയാണു ലഭിച്ചത്. തെരഞ്ഞെടുപ്പുകള്‍ അടുത്തുതന്നെ വരാനിരിക്കെ ആധികാരികമായ വിവരങ്ങള്‍ സ്വന്തമാക്കാനുള്ള നീക്കമായിരിക്കാനിടയുണ്ടെന്ന് പവാർ ആരോപിച്ചു. 

Related News