കുവൈത്ത് ജനസംഖ്യയുടെ 99.7 ശതമാനവും ഇൻ്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് കണക്കുകൾ

  • 07/11/2024


കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയുടെ 99.7 ശതമാനവും ഇൻ്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ ആക്ടിംഗ് ചെയർമാൻ എൻജിനിയര്‍ അബ്‍ദുള്ള അൽ അജ്മി. എല്‍ ടി ഇ നെറ്റ്‌വർക്ക് സേവനങ്ങൾ രാജ്യത്തെ ജനസംഖ്യയുടെ 100 ശതമാനവും ഉൾക്കൊള്ളുന്നുണ്ട്. അതേസമയം മൊബൈൽ ഫോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ 158 ശതമാനം എത്തി. കൂടാതെ 85.2 ശതമാനം വ്യക്തികൾ സോഷ്യൽ മീഡിയ സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട്. 5G നെറ്റ്‌വർക്ക് ജനസംഖ്യയുടെ 97 ശതമാനം ആളുകളിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

കുവൈത്ത് സമൂഹം ഉയർന്ന സാങ്കേതിക അവബോധമുള്ളവരും വരാനിരിക്കുന്ന സാങ്കേതിക തരംഗങ്ങളെ, പ്രത്യേകിച്ച് സംയോജിത ഇ-ഗവൺമെൻ്റ് സേവന മേഖലയുമായി പൊരുത്തപ്പെടാനും പ്രയോജനം നേടാനുമുള്ള കഴിവും ആസ്വദിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് അല്‍ അജ്മി പറഞ്ഞു. "ഡിജിറ്റൽ ഗവൺമെൻ്റും ഇൻ്റഗ്രേറ്റഡ് സർവീസസ് സ്ട്രാറ്റജിയും" എന്ന മുദ്രാവാക്യം ഉയര്‍ത്തി കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള സാങ്കേതിക വിദ്യയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News