പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 41.8 ശതമാനത്തിന്‍റെ വേതന വ്യത്യാസം കുവൈത്തിലുണ്ടെന്ന് റിപ്പോർട്ട്

  • 10/11/2024


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾ ഒഴികെയുള്ള മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 2.141 മില്യണില്‍ എത്തിയതായി കണക്കുകൾ. റിപ്പോർട്ട് അനുസരിച്ച് കുവൈത്തിലെ തൊഴിൽ ശക്തി സ്ഥിരമായ വളർച്ച കൈവരിച്ചു. 2023ന്‍റെ രണ്ടാം പാദത്തിൽ 2.089 മില്യണ്‍ തൊഴിലാളികളെ അപേക്ഷിച്ച് 2.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്തത്തിലുള്ള വളർച്ച രേഖപ്പെടുത്തിയിട്ടും വേതനത്തിൽ ഇപ്പോഴും അസമത്വം നിലനിൽക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. 

പ്രത്യേകിച്ച് സ്ത്രീ-പുരുഷ തൊഴിലാളികൾക്കിടയിലും അതുപോലെ കുവൈത്ത്, കുവൈത്ത് ഇതര ജീവനക്കാർക്കിടയിലും ഈ അസമത്വം പ്രകടമാണ്. സർക്കാർ മേഖലയിൽ പുരുഷ കുവൈത്തി തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം ഏകദേശം 1,966 ദിനാർ ആണ്. ഇത് ഒരു വർഷം മുമ്പത്തെ 1,950 ദിനാറിൽ നിന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. ഇതേ മേഖലയിലെ കുവൈത്തി സ്ത്രീ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം 1,387 ദിനാർ ആണ്. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ 41.8 ശതമാനത്തിന്‍റെ വേതന വ്യത്യാസമാണ് ഉള്ളത്. സമാനമായി കുവൈത്ത് - കുവൈത്ത് ഇതര ജീവനക്കാർക്കിടയിലും ഈ അസമത്വം പ്രകടമാണ്.

Related News