കുവൈത്തിന്റെ ഉപഭോക്തൃ വില സൂചിക 2.44 ശതമാനം വർധിച്ചതായി കണക്കുകൾ

  • 19/11/2024


കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഉപഭോക്തൃ വില സൂചിക (പണപ്പെരുപ്പം) കഴിഞ്ഞ ഒക്ടോബറിൽ വാർഷിക അടിസ്ഥാനത്തിൽ 2.44 ശതമാനം വർധിച്ചതായി കണക്കുകൾ. കുവൈത്ത് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയാണ് കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ സെപ്റ്റംബറിനെ അപേക്ഷിച്ച് പണപ്പെരുപ്പ നിരക്ക് 0.13 ശതമാനം ഉയർന്നതായി ബ്യൂറോ അറിയിച്ചു. ഇൻഡെക്സ് നമ്പറുകളുടെ ചലനത്തെ ബാധിക്കുന്ന പ്രധാന ഗ്രൂപ്പുകളുടെ വിലയിലുണ്ടായ വർധനവാണ് വാർഷികാടിസ്ഥാനത്തിൽ പണപ്പെരുപ്പം കൂടിയതിനുള്ള കാരണം. 

ഗതാഗതം ഒഴികെ വസ്ത്രങ്ങൾ, ഭക്ഷണം, വിദ്യാഭ്യാസം എന്നിവയിൽ ഈ വർധന രേഖപ്പെടുത്തി. 2023ലെ ഇതേ മാസത്തെ അപേക്ഷിച്ച് ആദ്യ ഗ്രൂപ്പിൽ (ഭക്ഷണവും പാനീയങ്ങളും) 4.98 ശതമാനം വർധനാണ് കഴിഞ്ഞ ഒക്ടോബറിലുണ്ടായത്. അതേസമയം രണ്ടാമത്തെ ഗ്രൂപ്പിൻ്റെ (സിഗരറ്റും പുകയിലയും) വില സൂചിക വാർഷികാടിസ്ഥാനത്തിൽ 0.15 ശതമാനം ഉയർന്നു. കഴിഞ്ഞ ഒക്ടോബറിൽ കുവൈത്തിലെ ഭക്ഷ്യ-പാനീയ വിഭാഗങ്ങൾ ഒഴികെയുള്ള പണപ്പെരുപ്പ നിരക്ക് വാർഷികാടിസ്ഥാനത്തിൽ 1.87 ശതമാനം ഉയർന്നതായും ബ്യൂറോ ചൂണ്ടിക്കാട്ടി

Related News