കവരത്തി ദ്വീപില്‍ നിന്നും സുഹെലി ദ്വീപിലേക്ക് തീർത്ഥാടനാവശ്യങ്ങള്‍ക്കായി യാത്രികരുമായി പുറപ്പെട്ട് വഴി മധ്യേ എഞ്ചിൻ തകരാർ മൂലം നിലച്ച് പോയ മൊഹമ്മദ് കാസിം-II (IND-LD-KV-MO-208) എന്ന മത്സ്യബന്ധന ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് കവരത്തിയുടെ നേതൃത്വത്തില്‍ രക്ഷപെടുത്തി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 54 യാത്രികരെയാണ് ലക്ഷദ്വീപ് ഫിഷറീസ്, തുറമുഖം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സാക്ഷമില്‍ കൈമാറി കവരത്തി ദ്വീപിലേക്ക് തിരിച്ചെത്തിച്ചത്.
എഞ്ചിൻ തകരാറിനെ തുടർന്ന് സുഹെലി ദ്വീപിൻ്റെ 4 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുക്കിലകപ്പെട്ട് യാത്രികരുമായുള്ള ബോട്ട് മണിക്കൂറുകളോളം ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ വെളിപ്പെടുത്തി. സമുദ്രത്തിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്നും, പ്രത്യേകിച്ച് ശേഷിയിലധികം യാത്രികരെ കയറ്റുന്നതില്‍ അതീവജാഗ്രത പുലർത്തണമെന്നും കോസ്റ്റ് ഗാർഡ് അധികൃതർ മുന്നറിയിപ്പ് നല്‍കി.
കടലിലകപ്പെട്ട യാത്രികർക്ക് ചികിത്സയും ഭക്ഷണ പാനിയങ്ങളും ഉറപ്പ് വരുത്തിയിരുന്നതായും ലക്ഷദ്വീപിൻ്റെ സമുദ്രമേഖലയിലെ സുരക്ഷ ക്രമീകരണങ്ങളില്‍ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സദാ സജ്ജരാണെന്നും ജില്ലാ കമാൻഡർ മോബിൻ ഖാൻ (ഡി ഐ ജി) പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?