അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും കുഞ്ഞിന്റെ അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിയായ 19കാരന്‍ കുറ്റക്കാരന്‍. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്‌സ് കമ്ബനിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ നജ്മ ഖാത്തൂണ്‍, അച്ഛന്‍ ബഹാരുള്‍ എന്നിവര്‍ ബ്രിക്‌സ് കമ്ബനിയിലെ ജോലിക്കാരായിരുന്നു. കമ്ബനിയില്‍ തന്നെയായിരുന്നു ഇവർ താമസിച്ചിരുന്നത്. നജ്മയുടെ വല്യമ്മയുടെ മകനായ പ്രതി ജമാല്‍ ഹുസൈന്‍ അവിടേക്ക് സംഭവത്തിന്റെ തലേ ദിവസമാണ് വന്നത്. നാട്ടിലെ സ്വത്ത് തര്‍ക്കം മൂലം നജ്മയോടും കുടുംബത്തോടും വൈരാഗ്യമുണ്ടായിരുന്ന പ്രതി അത് കാണിക്കാതെ നജ്മയോടും കുടുംബത്തോടു ഒപ്പം രാത്രി കഴിയുകയും പിറ്റേ ദിവസം രാവിലെ നജ്മയുടെ ഭര്‍ത്താവും മറ്റു പണിക്കാരും ജോലിക്കായി ഫാക്ടറിയില്‍ കയറിയ ഉടനെ അടുക്കളയില്‍ ജോലി ചെയ്തിരുന്ന നജ്മയെ വെട്ടുകത്തി ഉപയോഗിച്ച് തലയിലും കൈകളിലും വെട്ടി പരിക്കേല്‍പ്പിക്കുകയും ഭക്ഷണം കഴിച്ചിരുന്ന അഞ്ചു വയസുകാരന്‍ മകന്‍ നജുറുള്‍ ഇസ്ലാമിനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ജോലിക്കാരാണ് പൊലീസിനെ ഏല്‍പ്പിച്ചത്.
വരന്തരപ്പിള്ളി പൊലീസാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും വിസ്തരിച്ച 22 സാക്ഷികളും 40 രേഖകളും 11ഓളം തൊണ്ടിമുതലുകളും പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സഹായകമായി. പ്രതിയുടെ വയസ് ശിക്ഷ നല്‍കുന്നതിനെ ബാധിക്കരുത് എന്നും സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്ത പ്രതി സമൂഹത്തിന് വിപത്താണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ലിജി മധു എന്നിവര്‍ ഹാജരായി. ശിക്ഷാവിധി 17ന് പ്രസ്താവിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?