മുഖ്യമന്ത്രിക്ക് സ്തുതി ഗീതം; കവിക്ക് സഹായമൊരുക്കി നല്‍കി സര്‍ക്കാര്‍, നിയമനത്തില്‍ ദുരൂഹത

  • 16/01/2025

മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച്‌ സ്തുതി ഗീതമെഴുതിയ കവിക്ക് സർക്കാർ സഹായം നല്‍കിയതായി റിപ്പോർട്ട്. ക്ലറിക്കല്‍ അസി. വിരമിച്ച ചിത്ര സേനന് ധനവകുപ്പില്‍ സ്പെഷ്യല്‍ മെസഞ്ചറായി നിയമനം നല്‍കുകയായിരുന്നു. ഇയാളുടെ നിയമനത്തിലും ദുരൂഹതയുണ്ടെന്ന വിവരവും പുറത്തുവന്നു. 

പുനർ നിയമനം ആവശ്യപ്പെട്ട് ചിത്ര സേനൻ അപേക്ഷ നല്‍കുന്നത് കഴിഞ്ഞ വർഷം ഏപ്രില്‍ 25 നാണ്. നിയമനം നല്‍കി ഉത്തരവിറക്കിയത് 24 നും. അപേക്ഷ നല്‍കുന്നതിന് മുമ്ബ് ദിവസ വേതന നിയമനം നല്‍കിയിരുന്നു. അതേസമയം, ഇയാളുടെ ഫയല്‍ നീക്കിയത് ഇടതു സംഘടനാ സെക്രട്ടറിയായ ഉദ്യോഗസ്ഥനാണെന്നും പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി ഗാനം വലിയ രീതിയിലുള്ള വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സ്തുതി പാടകർക്ക് പ്രത്യുപകാരമൊന്നും ചെയ്യില്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്.

അതേസമയം, സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പാട്ട് അവതരിപ്പിക്കുക. മുഖ്യമന്ത്രിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. 

Related News