'മാജിക് മഷ്റൂം നിരോധിത ലഹരിവസ്തുവല്ല'; സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് മാത്രമെന്ന് ഹൈക്കോടതി

  • 17/01/2025

മാജിക്‌ മഷ്റൂം നിരോധിത ലഹരി വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് അല്ലെന്നും ഫംഗസ് മാത്രമെന്നും ഹൈക്കോടതി. മാജിക്‌ മഷ്റൂം അടങ്ങിയിരിക്കുന്ന ലഹരി വസ്തുവിന്റെ അളവ് കണക്കാക്കാത്ത സാഹചര്യത്തില്‍ ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭ്രമാത്മകത ഉണ്ടാക്കുന്ന സിലോ സൈബിന്റെ അളവ് മാജിക് മഷ്റൂമില്‍ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. അതിനാല്‍ മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ് എന്നു ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ. നിരീക്ഷിച്ചു.

226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ബംഗളൂരു സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തത്. വയനാട് വെച്ചു നടന്ന സംഭവത്തില്‍ എൻഡിപിഎസ് ആക്‌ട് പ്രകാരം ആയിരുന്നു പോലീസ് നടപടി. ഈ കേസിലാണ് ജാമ്യഹർജിയും ആയി ഇയാള്‍ ഹൈക്കോടതി സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്ന് വ്യക്തമാക്കി.

നേരത്തെ ഈ വിഷയത്തില്‍ തമിഴ്നാട് കർണാടക ഹൈക്കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി തീരുമാനം. ഒരു ലക്ഷം രൂപ ആള്‍ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്ബോള്‍ ചോദ്യം ചെയ്യലിന് ഹാജരാവുക, രാജ്യം വിട്ടു പോകരുത് എന്നീ വ്യവസ്ഥകളില്‍ ആണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രോസിക്യൂഷന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച്‌ ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Related News