യുഎസില്‍ തിരിച്ചുവരവ് നടത്തി ടിക് ടോക്ക്

  • 20/01/2025

47ാമത് യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കാനിരിക്കെയാണ് ടിക് ടോക് വീണ്ടുമെത്തുന്നത്. ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശത്തില്‍ 50 ശതമാനം അമേരിക്കയ്ക്ക് ലഭിക്കുമെങ്കില്‍ സേവനം വീണ്ടും ആരംഭിക്കാമെന്നാണ് ട്രംപ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎസില്‍ ടിക് ടോക്ക് സേവനം പുനരാരംഭിക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപിച്ച്‌ ജനുവരി 19നാണ് ഷോർട് വീഡിയോ പ്ലാറ്റഫോമായ ടിക് ടോകിന് യുഎസില്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ജനുവരി 20ന് ടിക് ടോക്കിന് അവസരം കൊടുത്ത് ട്രംപ് എത്തി. ടിക് ടോക്കിനെ രക്ഷിക്കണമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഫെഡറല്‍ ഉത്തരവില്‍ നിന്ന് രക്ഷ നേടാൻ, ടിക് ടോക്കിന് ഒരു പുതിയ ഡീലുണ്ടാക്കാൻ സമയം കൊടുക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. കൂടാതെ, ടിക്ക് ടോക്കിന്റെ 50 ശതമാനം ഉടമസ്ഥാവകാശം യുഎസിന് വേണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്താല്‍ ആപ്പിൻ്റെ മൂല്യം ട്രില്യണ്‍ വരെ ഉയരുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ടിക് ടോക്കിനെ അമേരിക്കയില്‍ നിലനിർത്തുന്ന ഒരു ദീർഘകാല പരിഹാരത്തിനായി പ്രസിഡൻ്റ് ട്രംപുമായി യോജിച്ച്‌ പ്രവർത്തിക്കുമെന്നാണ് ടിക് ടോക്ക് കമ്ബനി ഇതിനോട് പ്രതികരിച്ചത്. അമേരിക്കയില്‍ ടിക് ടോക്ക് സേവനം തിരികെകൊണ്ട് വന്നതിന് പ്രസിഡന്റ് ട്രംപിനോട് നന്ദിയും പറഞ്ഞു.

Related News