ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കാൻ വീണ്ടും ആലോചന

  • 28/01/2025


കുവൈത്ത് സിറ്റി: ഫിലിപ്പിനോ തൊഴിലാളികളെ കുവൈത്തിലേക്ക് തൊഴിലിന് അയക്കുന്നത് നിരോധിക്കാൻ ആലോചന. ഡാഫ്‌നി നക്കലബൻ, ജെന്നി അൽവാറാഡോ എന്നീ രണ്ട് ഒഎഫ്‌ഡബ്ല്യുമാരുടെ മരണത്തെത്തുടർന്ന് വിദേശ ഫിലിപ്പിനോ തൊഴിലാളികളെ (ഒഎഫ്‌ഡബ്ല്യു) കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കു തിനുള്ള സാധ്യതകൾ കുടിയേറ്റ തൊഴിലാളി വകുപ്പ് (ഡിഎംഡബ്ല്യു) വിലയിരുത്തുകയാണ്. ഒക്ടോബറിൽ നകാലബാനെ കാണാതായതായി രണ്ടാമത്തെ തൊഴിലുടമ റിപ്പോർട്ട് ചെയ്യുകയും പിന്നീട് കുവൈത്തിലെ ഒരു വ്യക്തിയുടെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. അതേസമയം, ജോലിസ്ഥലത്ത് കൽക്കരി പുക ശ്വസിച്ചാണ് അൽവാറാഡോ മരിച്ചത്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ കുവൈത്തിലേക്ക് അയക്കുന്നത് നിരോധിക്കാനുള്ള സാധ്യത പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മൈഗ്രൻ്റ് വർക്കേഴ്സ് സെക്രട്ടറി ഹാൻസ് കാക്ഡാക് വെളിപ്പെടുത്തി.

അതോടൊപ്പം ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള ഫിലിപ്പിനോ തൊഴിലാളികളെ നിയമിക്കുന്ന റിക്രൂട്ട്‌മെൻ്റ് ഏജൻസികളുമായി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മൈഗ്രൻ്റ് വർക്കേഴ്‌സ് (ഡിഎംഡബ്ല്യു) അടുത്തിടെ സംവാദം സംഘടിപ്പിച്ചു. കുവൈത്തും പങ്കെടുത്ത യോ​ഗത്തിൽ ആശങ്കകൾ പരിഹരിക്കാനും മെച്ചപ്പെട്ട നടപടികൾ നിർദ്ദേശിക്കാനും വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക് (OFWs), പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികൾക്ക് സംരക്ഷണം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിട്ടത്. 

ചർച്ചയിൽ, തൊഴിൽ കരാറുകളിൽ കർശനവും വ്യക്തവുമായ തൊഴിൽ വിവരണങ്ങൾ ഉൾപ്പെടുത്തുക, കരാറുകളുടെ കാലാവധി രണ്ട് വർഷത്തിൽ നിന്ന് ഒന്നായി കുറയ്ക്കുക, ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കുക, പുറപ്പെടുന്നതിന് മുമ്പുള്ള ബോധവൽക്കരണ സെമിനാറുകളിൽ തൊഴിലാളികളുടെ കുടുംബങ്ങളെ ഉൾപ്പെടുത്തുക തുടങ്ങി നിരവധി പ്രധാന ശുപാർശകൾ റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ നിർദ്ദേശിച്ചു. വിദേശത്ത് ജോലി ചെയ്യുന്നതിൻ്റെ അപകടസാധ്യതകളെയും അവസരങ്ങളെയും കുറിച്ച് അവരെ ബോധവൽക്കരിക്കണമെന്നും ആവശ്യം ഉയർന്നു.

Related News