ദില്ലിയിലെ കുടിവെള്ളത്തില്‍ വിഷം കലക്കിയെന്ന ആരോപണം; തെരഞ്ഞടുപ്പ് കമ്മീഷന് നേരിട്ടെത്തി മറുപടി നല്‍കി കെജ്‍രിവാള്‍

  • 31/01/2025

ദില്ലിയിലെ കുടിവെള്ളത്തില്‍ ഹരിയാന സർക്കാർ വിഷം കലക്കിയെന്ന പ്രസ്താവനയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നില്‍ നേരിട്ടെത്തി മറുപടി നല്‍കി അരവിന്ദ് കെജ്‍രിവാള്‍. അമോണിയയുടെ അളവിനെ സംബന്ധിച്ച്‌ ദില്ലി ജല ബോർഡിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മറുപടി. വിഷയത്തില്‍ ഇടപെടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയെ സഹായിക്കുകയാണെന്ന് കെജ്‍രിവാള്‍ മറുപടിയില്‍ ആരോപിച്ചു.

രാവിലെ 11 മണിക്കുള്ളില്‍ യമുനയിലെ കുടിവെള്ളത്തെക്കുറിച്ചുള്ള പ്രസ്താവന ശരിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കണമെന്നായിരുന്നു കമ്മീഷന്റെ നിർദേശം. ഇതോടെയാണ് പഞ്ചാബ് ദില്ലി മുഖ്യമന്ത്രിമാർ, മറ്റു എഎപി നേതാക്കള്‍ എന്നിവർക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസില്‍ നേരിട്ട് കെജ്‍രിവാള്‍ എത്തിയത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഇതിന് വ്യക്തമായ കണക്കുകള്‍ ഉണ്ടെന്നും കെജ്‍രിവാള്‍ സമർപ്പിച്ച മറുപടിയില്‍ പറയുന്നു. 

കഴിഞ്ഞ ഡിസംബർ മുതല്‍ അമോണിയയുടെ അളവിനെ സംബന്ധിച്ച്‌ ദില്ലി സർക്കാരിൻറെ ആശങ്ക ഹരിയാന സർക്കാരിനെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തി. എന്നാല്‍ മുഖ്യമന്ത്രിതല ചർച്ചയ്ക്ക് ഹരിയാന മുഖ്യമന്ത്രി അനുവാദം നല്‍കിയില്ല. ഈ മാസം 15 മുതല്‍ അമോണിയയുടെ അളവ് ക്രമാതീതമായി യമുനയിലെ ജലത്തില്‍ ഉയർന്നു. ഇതില്‍ ഗൂഢാലോചന ഉണ്ടെന്ന് താൻ സംശയിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇതില്‍ ഗൂഢാലോചനയുണ്ടെന്ന് താൻ സംശയിക്കുന്നതായും കെജ്‍രിവാള്‍ പറയുന്നു. 

Related News