കുവൈത്തിലുള്ള ഫ്രഞ്ച് പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംബസി, ഖത്തർ വ്യോമപാത താൽക്കാലികമായി അടച്ചു

  • 23/06/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ഫ്രഞ്ച് എംബസി തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നൽകി. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ പിരിമുറുക്കങ്ങളുടെ പശ്ചാതലത്തിലാണ് നിര്‍ദേശം. മിഡിൽ ഈസ്റ്റിലെ സുരക്ഷാ സാഹചര്യം വഷളായതിനെ തുടർന്ന്, നിലവിൽ കുവൈത്തിലും മേഖലയിലെ മറ്റ് രാജ്യങ്ങളിലുമുള്ള ഫ്രഞ്ച് പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കാനും പ്രകടനങ്ങളും ഒത്തുചേരലുകളും ഒഴിവാക്കാനും നിർദ്ദേശിക്കുന്നു എന്നാണ് എംബസി എക്സിൽ കുറിച്ചത്. നിരവധി അയൽരാജ്യങ്ങളിൽ വ്യോമാതിർത്തി അടച്ചിടുന്നത് വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ ഇടയാക്കുംയ അതിനാൽ യാത്രക്കാർ യാത്ര തിരിക്കുന്നതിന് മുമ്പ് തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നുവെന്നും എംബസി അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങളുടെ ഭാഗമായി, ഇറാൻ, ഇറാഖ്, ജോർദാൻ, ഇസ്രായേൽ, പലസ്തീൻ പ്രദേശങ്ങൾ, ലെബനൻ, സിറിയ എന്നിവിടങ്ങളിലേക്ക് വരും ദിവസങ്ങളിൽ യാത്ര ചെയ്യരുതെന്ന് എംബസി പൗരന്മാരെ നിര്‍ദേശിച്ചിട്ടുണ്ട്.

അതോടൊപ്പം ഖത്തർ തങ്ങളുടെ പ്രദേശത്തുകൂടിയുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി, മേഖലയിലെ സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായി രാജ്യത്തെ വ്യോമാതിർത്തിയിൽ വ്യോമഗതാഗതം താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖത്തറിലെ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാൻ വ്യോമാക്രമണം. മൂന്ന് മിസൈലുകൾ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

Related News