നിയമലംഘനം: 12 സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി

  • 02/07/2025



കുവൈത്ത് സിറ്റി: ഫാർമസി പ്രൊഫഷൻ നിയമത്തിന്‍റെയും മരുന്ന് വിതരണ ചട്ടങ്ങളുടെയും ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 12 സ്വകാര്യ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കുകയും അവ അടച്ചുപൂട്ടുകയും ചെയ്തതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി അറിയിച്ചു.

ഈ നിയമലംഘനങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കർശന നടപടികൾ അനിവാര്യമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഒരു നടപടികളോടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് മന്ത്രാലയത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, നിയമലംഘനങ്ങൾക്ക് ഉത്തരവാദികളായ വ്യക്തികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുന്നതിനായി അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ വിപണി നിയന്ത്രിക്കുന്നതിനും തൊഴിൽപരവും ധാർമ്മികവുമായ നിലവാരം ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിത്.

Related News