'സഹേൽ' ആപ്പ് വഴി വിലാസം മാറ്റുന്ന സേവനം താൽക്കാലികമായി നിർത്തിവെച്ചു

  • 04/07/2025

 


കുവൈത്ത് സിറ്റി: പ്രവാസികളുടെ താമസ വിലാസം മാറ്റുന്നതുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് സേവനങ്ങൾ നവീകരിക്കുന്നത് തുടരുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI ). സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്ന 'സഹേൽ' ആപ്ലിക്കേഷൻ വഴി ഈ സേവനം ഓൺലൈനായി വീണ്ടും ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമാണിത്. താമസ വിലാസം അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികളോട് ഔദ്യോഗിക അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്ലാറ്റ്ഫോം വഴി മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാൻ പിഎസിഐ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത് അപേക്ഷകർക്ക് PACI സെന്ററുകൾ സന്ദർശിക്കാനും അവരുടെ അപേക്ഷകൾ നേരിട്ട് ജീവനക്കാർക്ക് സമർപ്പിക്കാനും സഹായിക്കും.

'സഹേൽ' ആപ്പ് വഴിയുള്ള ഓൺലൈൻ വിലാസം മാറ്റുന്ന സേവനം നിലവിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിസ്റ്റം നവീകരണം നടക്കുന്നതിനാലാണിത്. എന്നാൽ, ഔദ്യോഗിക വെബ്സൈറ്റ് വഴിയും 'സഹേൽ' ആപ്ലിക്കേഷൻ വഴിയും ഈ സേവനം ഉടൻ പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു.

നിലവിൽ, PACI നാല് സർവീസ് സെന്ററുകളിലൂടെയാണ് അപേക്ഷകരെ സ്വീകരിക്കുന്നത്. പ്രധാന ആസ്ഥാനം വൈകുന്നേരം 3:00 മുതൽ 7:00 വരെ പ്രവർത്തിക്കും. അതേസമയം, ജഹ്റ, അഹമ്മദി ശാഖകൾ രാവിലെ 8:00 മുതൽ 1:00 വരെ തുറന്നിരിക്കും. ലിബറേഷൻ ടവർ സെന്റർ രാവിലെയും വൈകുന്നേരവും അപേക്ഷകർക്ക് സേവനം നൽകുന്നുണ്ട്.

Related News