കുവൈത്തിലെ പ്രധാന വികസന പദ്ധതികൾ; സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം

  • 05/07/2025


കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിര്‍ദേശം നൽകി പ്രധാനമന്ത്രി. പദ്ധതികളുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കാനും, ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കാനും, ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഏജൻസികളും ചൈനീസ് സർക്കാർ ഏജൻസികളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ സബാഹ് ആവശ്യപ്പെട്ടു. 

കുവൈത്ത് സർക്കാരും സൗഹൃദ രാജ്യമായ ചൈനയും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും നടത്തിപ്പ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ബയാൻ പാലസിൽ ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുമ്പോളാണ് പ്രധാനമന്ത്രിയുടെ ഈ നിർദേശങ്ങൾ. എല്ലാ വെല്ലുവിളികളെയും നേരിടാനും, സർക്കാർ ഏജൻസികൾക്കിടയിലുള്ള നടപടിക്രമങ്ങൾ പരമാവധി കാര്യക്ഷമമാക്കാനും, വികസന പദ്ധതികളും നവീകരണ പദ്ധതികളും നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാനും മന്ത്രിതല സമിതി മുന്നോട്ട് വെച്ച നിർദേശങ്ങളെയും കാഴ്ചപ്പാടുകളെയും ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അഭിനന്ദിച്ചു. മുബാറക് അൽ കബീർ തുറമുഖ പദ്ധതി ഉൾപ്പെടെയുള്ള ചില പദ്ധതികളുടെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News