കുവൈറ്റ് - ഇന്ത്യ സുരക്ഷാ സഹകരണം; ആഭ്യന്തര മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

  • 12/07/2025



കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും തമ്മിൽ ചര്‍ച്ച നടത്തി.

ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ചയായ പ്രധാന വിഷയങ്ങളിൽപെട്ടിരുന്നു. കുറ്റാന്വേഷണം, സുരക്ഷാ വിദഗ്ധതയുടെ പങ്കിടൽ, വിദേശ രാജ്യങ്ങളിലെ സമൂഹ സുരക്ഷ എന്നിവയിൽ സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകളും ചർച്ചചെയ്തു. 

കൂടിക്കാഴ്ചയുടെ ഭാഗമായി, കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച കാര്യങ്ങൾ അംബാസഡർ മന്ത്രി ഷെയ്ഖ് ഫഹദിന്റെ ശ്രദ്ധയിൽ പെടുത്തി. ഉഭയകക്ഷി താത്പര്യങ്ങളുള്ള മറ്റ് വിഷയങ്ങളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു.

ഇരുരാജ്യങ്ങൾക്കിടയിൽ നിലവിലുള്ള ദീർഘകാല സൗഹൃദബന്ധത്തെ അടിസ്ഥാനമാക്കി സുരക്ഷയുള്‍പ്പെടെയുള്ള മേഖലകളിൽ സഹകരണം പുതുക്കാനും വിപുലപ്പെടുത്താനുമുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.

Related News