ഫ്രാൻസിലെ അമീറിന്‍റെ സന്ദർശനം: കുവൈത്ത്-ഫ്രാൻസ് ബന്ധത്തിൽ നിർണായക നാഴികക്കല്ല്

  • 12/07/2025


കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ ഫ്രാൻസ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പ്രാദേശികവും അന്താരാഷ്ട്രീയവുമായ വെല്ലുവിളികളുടെയും മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയും അദ്ദേഹത്തോടൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘവും നാളെ, ഞായറാഴ്ചയാണ് , ഔദ്യോഗിക സന്ദർശനത്തിനായി ഫ്രഞ്ച് റിപ്പബ്ലിക്കിലേക്ക് പുറപ്പെടുന്നത്. 

ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നതാണെന്നും, പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ മേഖലകളിൽ ഈ ബന്ധം വികസിപ്പിക്കാനുള്ള പങ്കിട്ട താൽപ്പര്യം ഇത് പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത്-ഫ്രഞ്ച് ബന്ധത്തിന്റെ ചരിത്രത്തെക്കുറിച്ച് അൽ യഹ്യ വിശദീകരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീണ്ട ക്രിയാത്മകമായ സഹകരണവും രാഷ്ട്രീയ ധാരണയും ഈ ബന്ധത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഉന്നതതല കൂടിക്കാഴ്ചകൾ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, പ്രതിരോധം, സംസ്കാരം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കൽ എന്നിവ സന്ദർശന പരിപാടിയിൽ ഉൾപ്പെടുന്നുവെന്നും അൽ യഹ്യ പറഞ്ഞു.

Related News