ആറുമാസത്തിനിടെ വാഹനാപകടങ്ങളിൽ മരിച്ചത് 94പേർ

  • 15/07/2025



കുവൈത്ത് സിറ്റി: ട്രാഫിക് നിയമലംഘനങ്ങൾക്ക് കടുത്ത പിഴകളും ശിക്ഷകളും ഏർപ്പെടുത്തിയതിന് ശേഷം റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ഏപ്രിൽ 22-ന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമമാണ് ഈ മാറ്റത്തിന് പിന്നിൽ. ഈ വർഷം ആദ്യ പകുതിയിൽ (ജനുവരി 1 മുതൽ ജൂൺ 30 വരെ) വാഹനാപകടങ്ങളിൽ 94 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 143 ആയിരുന്നു. അതായത്, 49 മരണങ്ങളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റോഡപകട മരണങ്ങളിലെ ഈ കാര്യമായ കുറവ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും അപകടകരമായ ഡ്രൈവിംഗ് നിയന്ത്രിക്കുന്നതിനും ഫലപ്രദമായി സഹായിക്കുന്ന സ്മാർട്ട് സുരക്ഷാ, ട്രാഫിക് സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെയും ഭാഗമായി ഭേദഗതി വരുത്തിയ ട്രാഫിക് നിയമമാണ് ഈ കുറവിന് പ്രധാന കാരണമെന്ന് വകുപ്പ് വിശദീകരിച്ചു. കൂടാതെ, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പൗരന്മാരും പ്രവാസികളും കാണിച്ച പ്രതിബദ്ധതയും ഈ പുരോഗതിക്ക് വലിയ പങ്കുവഹിച്ചതായി ഗതാഗത വകുപ്പ് എടുത്തുപറഞ്ഞു.

Related News