ഭാവി, ഭൂതം, കുടുംബ പ്രശ്നങ്ങൾ, സാമ്പത്തിക നേട്ടം: കുവൈത്തിൽ മന്ത്രവാദി പിടിയിൽ

  • 16/07/2025


കുവൈത്ത് സിറ്റി: മന്ത്രവാദം, അഭിചാരം, ഭാവി പ്രവചനം എന്നിവയുടെ മറവിൽ പൗരന്മാരിൽ നിന്നും താമസക്കാരിൽ നിന്നും വലിയ തുക തട്ടിയെടുത്തയാളെ കുവൈത്ത് ക്രിമിനൽ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. വ്യാജവാദങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നടപടികളുടെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്.

കള്ളപ്പണ ഇടപാടുകൾക്കെതിരെ പ്രവർത്തിക്കുന്ന സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവും നടപടി സ്വീകരിച്ചതും. ഭാവി പ്രവചിക്കാമെന്നും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും സാമ്പത്തിക ഭദ്രത ഉറപ്പാക്കാമെന്നും വാഗ്ദാനം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ച പ്രതി, പ്രത്യേകവിധത്തിലുള്ള മന്ത്രചടങ്ങുകൾ നടത്തികൊണ്ട് ഇരകളിൽ നിന്നും പണം ഈടാക്കിയതായി അന്വേഷണത്തിൽ വ്യക്തമാകുന്നു.

ഉറച്ച തെളിവുകൾ ലഭിച്ചതിനെ തുടർന്ന്, കോടതി അനുമതി വാങ്ങി നടത്തിയ റെയ്ഡിൽ പ്രതിയെ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്തു. മന്ത്രവാദക്കായി ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങൾ, ദുരൂഹമായ ദ്രാവകങ്ങൾ, തീർത്ഥപാത്രങ്ങൾ, ചടങ്ങുകൾക്കായി ഉപയോഗിച്ച വസ്ത്രങ്ങൾ, പണമടക്കിയ തുണിപ്പെട്ടി തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

നിയമവിരുദ്ധമായ അത്തരം പ്രവൃത്തികളിൽ നിന്ന് പൊതുജനം ജാഗ്രത പാലിക്കണമെന്നും അതുകുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Related News