കുവൈത്തിലേക്ക് കൂടുതൽ വിമാന സർവീസുകൾ; ചർച്ചയുമായി ഇന്ത്യൻ എയർലൈൻ കമ്പനികൾ

  • 19/07/2025




കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച പുതിയ വ്യോമയാന സഹകരണ കരാർ പ്രകാരം ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രതിവാര സീറ്റുകളുടെ എണ്ണം 6,000ത്തോളം വർധിപ്പിക്കാനായി. ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 18,000 ആയി ഉയർന്നു. ഇന്ത്യയിലെ നിരവധി ആഭ്യന്തര വിമാനക്കമ്പനികൾക്ക് കുവൈത്തിലേക്കുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ ഇതോടെ വഴിയൊരുങ്ങി.

ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ 2025 ഓഗസ്റ്റിനുള്ളിൽ കുവൈത്തിൽ പുതിയ സർവീസുകൾ ആരംഭിക്കാൻ സജീവമായി ശ്രമിക്കുന്നതായി വിവരം ലഭിക്കുന്നു. ആവശ്യമായ ടൈം സ്ലോട്ടുകൾ ഉറപ്പാക്കാൻ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർലൈൻ പ്രതിനിധികൾ നിലവിൽ ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്.

വാർത്തകൾ പ്രകാരം ഇൻഡിഗോ മാത്രം പ്രതിവാരം 5,000 അധിക സീറ്റുകൾ ഉൾപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഓരോന്നും ഏകദേശം 3,000 സീറ്റുകൾ വീതം വർധിപ്പിക്കാൻ പദ്ധതിയിടുന്നു. എയർ ഇന്ത്യയ്ക്കും 1,500 സീറ്റുകൾ കൂടി ലഭ്യമാക്കാനാണ് ഉദ്ദേശം.

യാത്രക്കാരുടെ ഉയർന്ന ആവശ്യം പരിഗണിച്ച്, ചെന്നൈ, കൊച്ചി, ബംഗളൂരു, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ കൂട്ടിച്ചേർക്കാനാണ് സാധ്യത. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വിമാനക്കമ്പനികളെ അവരുടെ പുതുക്കിയ സർവീസ് നിർദ്ദേശങ്ങൾ ജൂലൈ 21-നകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യോമയാന കരാറിൽ 18 വർഷത്തിനുശേഷമാണ് ഇത്തരത്തിൽ വലിയ പരിഷ്കാരമുണ്ടാകുന്നത്. യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്താനും ഈ നടപടി സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Related News