ഒരു ലക്ഷത്തിലധികം പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ് പെര്‍മിറ്റ് ലഭിച്ചു; യാത്രക്ക് മുൻപ് ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

  • 20/07/2025

 


കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് രാജ്യം വിടുന്നതിന് തൊഴിലുടമയുടെ അനുമതി നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ സർക്കുലർ പുറത്തിറങ്ങി. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറത്തിറക്കിയ 2025 ലെ രണ്ടാം നമ്പർ സർക്കുലർ പ്രകാരം, ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വന്നു. സർക്കുലർ ജൂൺ 12ന് പ്രഖ്യാപിച്ചതുമുതൽ മാൻപവര്‍ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ വഴിയും അശല്‍ പ്ലാറ്റ്‌ഫോം വഴിയും സഹൽ ആപ്പ് വഴിയും ഒരു ലക്ഷത്തിലധികം പ്രവാസി തൊഴിലാളികൾക്ക് യാത്രാനുമതി (എക്സിറ്റ് പെർമിറ്റ്) നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. 

യാത്രാ സീസൺ ആരംഭിക്കുന്നതോടെ ഈ എണ്ണം വരും ദിവസങ്ങളിൽ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദേശ തൊഴിലാളികളുടെ യാത്രാ നടപടികൾ വേഗത്തിലാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പോർട്ട്സുമായി ബന്ധപ്പെട്ട യാത്രാനുമതികളുടെ ഓട്ടോമേറ്റഡ് സംവിധാനം പൂർത്തിയായിട്ടുമുണ്ട്. വിമാനക്കമ്പനികൾക്ക് ആവശ്യമെങ്കിൽ ഹാജരാക്കാൻ, പുറപ്പെടുന്നതിന് മുമ്പ് അനുമതിയുടെ ഹാർഡ് കോപ്പി പ്രിന്‍റ് ചെയ്യാൻ അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്.

യാത്രക്ക് മുൻപ് എക്സിറ് പെർമിറ്റ് നിർബന്ധം

2025 ജൂലൈ 1 മുതൽ, ആർട്ടിക്കിൾ 18 (പ്രൈവറ്റ്/ഷൂൺ) വിസ ഉള്ള പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് എയർപോർട്ട് അല്ലെങ്കിൽ കര അതിർത്തി വഴിയായി പുറത്ത്‌ പോകാൻ, എക്സിറ്റ് പെർമിറ്റ് നിർബന്ധമാകും.
ഇത് ഇപ്പോൾ സഹേൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പിലും ലഭ്യമാണ്.

Sahel App വഴി എക്സിറ്റ് പെർമിറ്റ് എങ്ങനെ അപേക്ഷിക്കാം:
 1. നിങ്ങളുടെ ഫോൺ തുറന്ന് Sahel App ഓപ്പൺ ചെയ്യുക
→ Services സെക്ഷനിലേക്ക് പോവുക
→ Public Authority for Manpower തിരഞ്ഞെടുക്കുക
→ Expatriate Workers Services → Issue Exit Permit ക്ലിക്ക് ചെയ്യുക.
 2. രണ്ട് തിയതികൾ നൽകണം:
 • ഈ തിയതികൾ നിങ്ങളുടെ ലീവ് (അവധിദിവസം)‌ ഉം തിരികെ വരുന്നത്‌ ഉം സംബന്ധിച്ചതല്ല.
 • ഒന്നാമത്തെ തിയതി: നിങ്ങൾ യാത്ര ചെയ്യുന്ന ദിവസത്തിന് ഒരു ദിവസം മുൻപ്.
 • രണ്ടാമത്തെ തിയതി: ആദ്യതിയതിയുടെ ശേഷമുള്ള 7ആം ദിവസം.
 • ഈ ഇരു തിയതികൾക്കുള്ളിൽ ഏത് ദിവസവും നിങ്ങൾക്ക് യാത്ര ചെയ്യാം.
 3. തിയതികൾ കൃത്യമായി നൽകി Submit ചെയ്യുക.
 4. നിങ്ങളുടെ അപേക്ഷ നൽകിയ ശേഷം:
 • നിങ്ങളുടെ സ്പോൺസർ അല്ലെങ്കിൽ അഡ്മിൻ ടീം നോട്ടിഫിക്കേഷൻ ലഭിക്കും.
 • അവർ അപ്രൂവ് ചെയ്താൽ, നിങ്ങളുടെ Sahel App-ൽ നോട്ടിഫിക്കേഷൻ ലഭിക്കും.
 • ശേഷം, അറബിക് പിഡിഎഫ് ഫോർമാറ്റിൽ എക്സിറ്റ് പെർമിറ്റ് ഡൗൺലോഡ് ചെയ്യാം.


പ്രധാന നിർദേശങ്ങൾ:
 • ഒരിക്കൽ അപേക്ഷിച്ചാൽ ഇത് ക്യാൻസൽ ചെയ്യാനാവില്ല, അതിനാൽ സൂക്ഷമമായി അപേക്ഷിക്കുക.
 • നിങ്ങളുടെ ഫോണിൽ Sahel App ആക്ടീവ് ആണെന്ന് ഉറപ്പാക്കുക.
 • തിരികെ വരുന്ന തിയതിയുമായി ഇതിന് ബന്ധമില്ല.
 • നിലവിൽ ഇത് പ്രൈവറ്റ് സെക്ടറിലെ ആർട്ടിക്കിൾ 18 റെസിഡൻസുകാരുടെ മാത്രമാണ് ബാധകമാകുന്നത്.
 • യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എങ്കിലും പർമിറ്റ് ലഭിച്ചതായി ഉറപ്പാക്കുക.
 • നിങ്ങളുടെ സ്പോൺസറോ അഡ്മിൻ ടീമോ Sahel Business App ഉപയോഗിച്ച് നേരിട്ടും പെർമിറ്റ് ഇഷ്യൂ ചെയ്യാൻ കഴിയും.
 • യാത്ര സമയത്ത്, പെർമിറ്റിന്റെ പ്രിന്റ് കോപ്പി/ മൊബൈൽ പിഡീഎഫ്‌ കോപ്പി കൈവശം ഉണ്ടായിരിക്കണം.


🔴 യാത്രയ്ക്ക് മുമ്പായി എക്സിറ്റ് പെർമിറ്റ് കയ്യിൽ ഉണ്ടെന്ന് ഉറപ്പാക്കുക, അല്ലെങ്കിൽ എയർപോർട്ടിലും അതിർത്തിയിലും യാത്രാതടസങ്ങൾ നേരിടേണ്ടി വരാം.

Related News