ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി; യു.എസിലെ ചില പ്രദേശങ്ങൾക്ക് വിലക്ക്

  • 20/07/2025



കുവൈത്ത് സിറ്റി: ബ്രസീലിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി കുവൈത്ത്. ബ്രസീലിൽ അതിതീവ്ര പക്ഷിപ്പനി വൈറസിന്റെ ഭീഷണി അവസാനിച്ചതിനാൽ, അവിടെ നിന്നുള്ള എല്ലാത്തരം കോഴിയിറച്ചി (പുതിയത്, തണുപ്പിച്ചത്, ശീതീകരിച്ചത്, സംസ്കരിച്ചവ), അവയുടെ ഉപോൽപ്പന്നങ്ങൾ, ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ (GAFN) സുപ്രീം കമ്മിറ്റി ഫോർ ഫുഡ് സേഫ്റ്റി ശുപാർശ ചെയ്തു. ഞായറാഴ്ച ചേർന്ന യോഗത്തിലാണ് ഈ തീരുമാനം.

അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ചില പ്രദേശങ്ങളിൽ അതിതീവ്ര പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന്, ആ പ്രദേശങ്ങളിൽ നിന്നുള്ള എല്ലാത്തരം കോഴിയിറച്ചി (പുതിയത്, തണുപ്പിച്ചത്, ശീതീകരിച്ചവ, സംസ്കരിച്ചവ), അവയുടെ ഉപോൽപ്പന്നങ്ങൾ, ഉൽപ്പന്നങ്ങൾ, മുട്ട എന്നിവയുടെ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താനും കമ്മിറ്റി ശുപാർശ ചെയ്തു. 70 ഡിഗ്രി സെൽഷ്യസിൽ താപ സംസ്കരണം നടത്തിയ ഉൽപ്പന്നങ്ങൾക്ക് ഈ നിരോധനം ബാധകമല്ലെന്നും അതോറിറ്റി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

Related News