കുവൈത്തിലെ സർക്കാർ കരാറുകൾക്ക് കുവൈത്തികൾക്ക് മുൻതൂക്കം; കുവൈറ്റൈസേഷൻ പദ്ധതി വിപുലീകരിക്കുന്നു

  • 23/07/2025


കുവൈത്ത് സിറ്റി: വിവിധ സർക്കാർ കരാറുകളിലെ ജോലി തസ്തികകൾ കുവൈത്ത് പൗരൻമാർക്ക് മാത്രമായി മാറ്റിയിരിക്കുന്ന 'കുവൈറ്റൈസേഷൻ' പദ്ധതി കൂടുതൽ മന്ത്രാലയങ്ങളിലേക്കും പൊതു സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ മുസൈനി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി, വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യ മന്ത്രാലയങ്ങൾ എന്നിവയുമായി അതോറിറ്റി ഇതിനോടകം സഹകരണം ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയത്തിൽ ആദ്യഘട്ട നടപടികൾ പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയവുമായി ബോധവൽക്കരണ പരിപാടികൾക്കും അഭിമുഖങ്ങൾക്കുമായി നടപടികൾ പുരോഗമിക്കുകയാണ്.

തൊഴിൽ അപേക്ഷകളെ തരംതിരിച്ച് പരിശോധിക്കുന്നതിനും, തൊഴിൽ വിപണിയിലെ സുതാര്യതയും സന്തുലിതത്വവും നിലനിർത്തുന്നതിനും അടിസ്ഥാനരേഖാപദ്ധതികൾ പ്രകാരം ആസൂത്രണം തുടരുന്നതായും അൽ മുസൈനി കൂട്ടിച്ചേർത്തു. സർക്കാർ മേഖലയിൽ മാത്രം ആശ്രയിക്കാതെ സ്വകാര്യ മേഖലയിലും കുവൈത്തി യുവാക്കൾക്ക് അവസരങ്ങൾ കണ്ടെത്താൻ പ്രേരണ നൽകുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോടൊപ്പം, തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സ്വകാര്യ മേഖലയുമായി സഹകരിച്ച് തൊഴിൽ മേളകളും ക്വാട്ടാ സമ്പ്രദായങ്ങളും നടപ്പിലാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ബാങ്കുകൾ, ബാങ്ക് യൂണിയൻ, ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനങ്ങൾ തുടങ്ങിയവയുമായി ചേർന്ന് തദ്ദേശീയരായ ഉദ്യോഗാർത്ഥികൾക്കായി അവസരങ്ങൾ സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related News