‘158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍

  • 23/09/2025

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. 


കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയ സ്‌റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.

കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിതരണക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് ഫലം കാണാതെ വന്നപ്പോഴാണ് വിതരണക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. തങ്ങള്‍ക്ക് ആകെ ലഭിക്കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ നാളിതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് തുച്ഛമായ പണം മാത്രമെന്ന് വിതരണക്കാര്‍ അയച്ച കത്തില്‍ പറയുന്നു. വിഷയം സൂചിപ്പിച്ച് ഓഗസ്റ്റ് 29നും കത്ത് നല്‍കിയിട്ടുണ്ടെന്നും വിതരണക്കാര്‍ വ്യക്തമാക്കുന്നു.

Related News