ഇതിനെക്കാള്‍ മോശം അവസ്ഥ വരാനിരിക്കുന്നു - WHO

  • 21/04/2020

ജനീവ: കോവിഡ് 19 മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥ ലോകം അഭിമുഖീകരിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. എന്നാല്‍ എന്തുകൊണ്ടാണ് 25 ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ഒന്നര ലക്ഷത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്ത കൊറോണ വൈറസ് കൂടുതല്‍ വഷളാകുമെന്ന് വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ആരോഗ്യ സംവിധാനങ്ങള്‍ വളരെ കുറവായ ആഫ്രിക്കയായിരിക്കും കോവിഡ് 19-ന്റെ അടുത്ത പ്രഭവകേന്ദ്രമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
'ഞങ്ങളെ വിശ്വസിക്കൂ, മോശപ്പെട്ടത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ.' ലോകാരോഗ്യസംഘടനയുടെ ജനീവയിലെ ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ ട്രെഡോസ് പറഞ്ഞു. 'ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് ഒരു വൈറസാണ്. നിരവധി ആളുകള്‍ക്ക് ഇനിയും അത് മനസ്സിലായിട്ടില്ല.' 
കോവിഡ് 19-നെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന പ്രതിരോധത്തിലായിരുന്നു. ചൈനയില്‍ കഴിഞ്ഞ വര്‍ഷം പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന മഹാമാരിയെ കുറിച്ച് സമയബന്ധിതവും സുതാര്യവുമായ വിവരങ്ങള്‍ ലോകത്തോട് പങ്കുവെക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടെന്നായിരുന്നു ട്രംപിന്റെ ആരോപണം. 
എന്നാല്‍ ലോകാരോഗ്യ സംഘടനയില്‍ രഹസ്യങ്ങളൊന്നുമില്ലെന്നും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് അപകടമാണെന്നും കാരണം ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു. 'വൈറസ് അപകടകാരിയാണ്. നമുക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന വിള്ളലുകളെ അത് ചൂഷണം ചെയ്യുന്നു.' യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ജീവനക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിയോഗിച്ചത് ലോകാരോഗ്യസംഘടനയുടെ സുതാര്യതയുടെ അടയാളമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 
കോവിഡ് 19 നെ നമ്പര്‍ വണ്‍  പൊതുശത്രുവാണെന്ന് പ്രഖ്യാപിച്ച ടെഡ്രോസ് ഈ പിശാചിനെതിരെ എല്ലാവരും പോരാടണമെന്ന് ഒന്നാം ദിവസം മുതല്‍ തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

Related News