കുവൈത്തിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്ര പ്രതിസന്ധി നേരിട്ടേയ്ക്കാം ; മുന്നറിയിപ്പുമായി അധികൃതർ.

  • 13/12/2020

കുവൈറ്റിൽ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്ത സ്വദേശികൾക്കും പ്രവാസികൾക്കും മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തേക്ക് ഈ മാസം അവസാനത്തോടെയെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യത്തോടെയോ വാക്സിൻ രാജ്യത്തേക്ക് എത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. പ്രവാസികളും സ്വദേശികളും വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുകയാണെങ്കിൽ ഭാവിയിൽ  വിദേശയാത്രയ്ക്ക് പ്രതിസന്ധി നേരിട്ടേക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ചില രാജ്യങ്ങളിലേക്ക് കടക്കാൻ വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ഇത്തരക്കാർക്ക് അത്തരം രാജ്യങ്ങളിലേക്ക് പ്രവേശന അനുമതി ലഭിക്കില്ലെന്നും അധികൃതർ പറയുന്നു. ഫൈസർ അടക്കമുള്ള ഫലപ്രാപ്തി തെളിയിച്ച കൊവിഡ് വാക്സിൻ കുവൈറ്റിൽ എത്തിച്ചേർന്നാൽ എത്രപേർ വാക്സിൻ സ്വീകരിക്കുമെന്നതുമായി ബന്ധപ്പെട്ട് നേരത്തെ സർവ്വേ സംഘടിപ്പിച്ചിരുന്നു.  ഇതിൽ രാജ്യത്തെ 45 ശതമാനം പേരും വാക്സിൻ സ്വീകരിക്കില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.  ഈ പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്

അതേസമയം,   കൊവിഡ് വാക്സിനുകൾ രാജ്യത്തെത്തിയാൽ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളുടെയും പ്രവാസികളുടെയും വിവിരങ്ങൾ രേഖപ്പെടുത്തുന്നതിനായി ആരോഗ്യ മന്ത്രാലയം  വെബ്‌സൈറ്റ്  ആരംഭിച്ചിരുന്നു. വാക്സിൻ സ്വീകരിച്ചതിന് ശേഷം സർട്ടിഫിക്കറ്റ് ലഭിക്കാൻ വെബ് സൈറ്റ് ലിങ്കുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഫോൺ നമ്പർ, പാസ്‌പോർട്ട്, സിവിൽ നമ്പർ, സിവിൽ കാർഡിന് പുറകിലുള്ള സീരിയൽ നമ്പർ എന്നിവ നൽകണമെന്നും ആരോഗ്യ വൃത്തങ്ങൾ അറിയിച്ചിരുന്നു. 
വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന അഞ്ച് വിഭാഗങ്ങളെയും അധികൃതർ വ്യക്തമാക്കി.   18 വയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, പകർച്ചവ്യാധികൾ ഉള്ളവർ, 
ഭക്ഷണങ്ങളോടും മരുന്നുകളോടും  അലർജി ഉളളവർ എന്നിവരാണ് ഈ വിഭാ​ഗങ്ങളിൽ പെടുന്നത്. അതേസമയം, അന്താരാഷ്ട്ര  തലത്തിൽ  അംഗീകാരം ലഭിച്ചതിന് ശേഷം വാക്സിൻ രാജ്യത്ത് നൽകുമെന്നും ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ വ്യക്തമാക്കി. 

Related News