കുവൈത്തില്‍ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമെന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ

  • 04/09/2020



കുവൈത്ത്‌ സിറ്റി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ  തുടർന്ന് വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്നും അത്തരമൊരു നിര്‍ദ്ദേശം ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടില്ലെന്നും ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് 900  പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സമൂഹ മാധ്യമങ്ങളില്‍ കര്‍ഫ്യൂ വരുന്നുവെന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്  . നേരത്തെയുണ്ടായിരുന്ന ഭാഗിക നിശാ നിയമം പിന്‍വലിച്ചതിന് ശേഷം മൂവായിരത്തോളം കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.  വൈറസിനെ ഒതുക്കുന്നതില്‍ കുവൈത്ത് ആഗോള തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെങ്കിലും  കേസുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നത് സര്‍ക്കാരിനെ കൂടുതല്‍ വിഷമത്തിലാക്കുകയാണ്. 

രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ എത്തുന്നവരുടെ എണ്ണം ഉയര്‍ന്ന തോതിലാണ്.മിക്കയിടങ്ങളിലും സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്.  രോഗവ്യാപനം കുറയാത്ത  പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ സുരക്ഷാ  നിര്‍ദേശങ്ങള്‍ പാലിക്കാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.പുറത്തേക്ക് പോകുമ്പോള്‍ നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടെ നന്നായി കഴുകുക, തിരക്കുള്ള ഇടങ്ങളില്‍ പോകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പൊതു ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആളുകളുടെ സഹകരണമാണ്  കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന ഘടകമെന്നും ആരോഗ്യ  അധികൃതര്‍ വ്യക്തമാക്കി. 

Related News