കൊവിഡിനെ പിടിച്ചു കെട്ടാൻ കോവിഷീല്‍ഡിനാകുമോ?...മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ആരംഭിക്കാനൊരുങ്ങുന്നു

  • 21/09/2020

രാജ്യത്ത് കൊവിഡ് ബാധിതർ പ്രതിദിനം വർധിക്കുകയാണ്. ലോകത്ത് തന്നെ കൊവിഡ് രോ​ഗികളിൽ രണ്ടാമതാണ് ഇന്ത്യ. കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വാക്സിൻ പരീക്ഷണഘട്ടത്തിലൂടെ കടന്ന് പോകുകയാണ് രാജ്യം. കൊവിഡിനെ പ്രതിരോധിക്കാൻ  ഓക്‌സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ ആഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പൂണെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുക .അതേസമയം 'കോവിഷീല്‍ഡ്'വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഈ ആഴ്ച സസൂണ്‍ ആശുപത്രിയില്‍ ആരംഭിക്കും. ഇത് തിങ്കളാഴ്ച മുതല്‍ തന്നെ തുടക്കമിടാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവര്‍ത്തകര്‍ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണടിസ്ഥാനത്തില്‍ വാക്‌സിന്‍ ഡോസ് നല്‍കും' സസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ.മുരളീധര്‍ പറഞ്ഞു. 

കോവിഷീല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്. നേരത്തെ വാക്‌സിന്‍ യുകെയില്‍ പരീക്ഷിച്ച ഒരു സന്നദ്ധപ്രവര്‍ത്തകന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 15 ഓടെയാണ് ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.

 കുത്തിവെച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.  മരുന്നിന്റെ പാര്‍ശ്വഫലമാണിതെന്ന സംശയമാണുള്ളത്. എന്നാല്‍ കേസിന്റെ സ്വഭാവമോ എപ്പോള്‍ സംഭവിച്ചുവെന്നോ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇയാള്‍ വേഗത്തില്‍ സുഖംപ്രാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് രണ്ടാം തവണയാണ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്. 

ജൂലായ് 20-നാണ് ഓക്സ്ഫോഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന്‍ വികസിപ്പിച്ചെടുത്തത്. വാക്സിന്‍ തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫോഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്.
2021 ജനുവരിയോടെ വാക്‌സിന്‍ വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍.

Related News