'ഒന്നിനും കണക്കില്ല"... എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍: മോദി സർക്കാരിനെതിരെ പരിഹാസവുമായി ശശി തരൂര്‍

  • 22/09/2020

ന്യൂഡൽഹി; പാർലമെന്റിൽ  കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളും,  കര്‍ഷക ആത്മഹത്യ  കണക്കുകളും കൃത്യമായി അവതരിപ്പിക്കാത്ത കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺ​​ഗ്രസ് നേതാവും, എം.പിയുമായ ശശി തരൂർ. എന്‍ഡിഎ എന്നാല്‍ നോ ഡാറ്റ എവെയ്‍ലബിള്‍ ആണെന്ന്  ശശി തരൂര്‍ പരിഹസിച്ച് ട്വിറ്ററിൽ കുറിച്ചു.
കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങളില്ല, കര്‍ഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉത്തേജനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍, കൊവിഡ് മരണങ്ങളെ കുറിച്ച് സംശയാസ്പദമായ കണക്കുകള്‍, ജിഡിപി വളര്‍ച്ചയെ കുറിച്ച് തെളിവില്ലാത്ത വിവരങ്ങള്‍- സര്‍ക്കാര്‍ എന്‍ഡിഎക്ക് പുതിയ അര്‍ത്ഥം നല്‍കിയിരിക്കുന്നു തരൂർ ട്വിറ്ററിൽ കുറിച്ചു.


കൊവിഡ് പ്രതിസന്ധി മൂലം ജോലി നഷ്ടമായവരുടെ എണ്ണം, കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍, രാജ്യത്താകെയുള്ള പ്ലാസ്മ ബാങ്കുകളുടെ എണ്ണം, ലോക്ക്ഡൗണില്‍ ജീവന്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം തുടങ്ങിയ വിവരങ്ങളൊന്നും കൈവശമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞതെന്നും. കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലാകട്ടെ സംസ്ഥാനങ്ങള്‍ വിവരം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്രം പറഞ്ഞതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചു.


Related News