എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു; വിടവാങ്ങിയത് തെന്നിന്ത്യയിലെ ഇതിഹാസ ഗായകൻ

  • 25/09/2020

ചെന്നൈ: പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ അന്ത്യം. ഉച്ചയ്ക്ക് 1.04 നായിരുന്നു മരണമെന്ന് മകൻ എസ്.പി.ബി. ചരൺ സ്ഥിരീകരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ തുടരുകയായിരുന്നു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ ബുള്ളറ്റിൻ പറഞ്ഞിരുന്നു.

ഒരു ഗായകൻ മാത്രല്ലായിരുന്നു എസ്.പിബി. നടൻ, സംഗീതസംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാർഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.

Related News