ഹിമാലയന്‍ മലനിരയിലെ 'എന്‍ജിനീയറിങ് വിസ്മയം';മണാലി-ലേ അടല്‍ തുരങ്കം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

  • 03/10/2020

ഹിമാലയന്‍ മലനിരകളെ തുരന്ന് നിര്‍മ്മിച്ച റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പെടെ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന പദ്ധതിയാണിത്. ഏഴ് മാസത്തിനിടെ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന ആദ്യ ഉദ്ഘാടന ചടങ്ങാണ് നടന്നത്.ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മ്മാണചിലവ്. 


ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ദൈര്‍ഘ്യമേറിയ തുരങ്കപാതയാണ് ഹിമാചല്‍ പ്രദേശിലെ റോത്താംഗിലെ അടല്‍ തുരങ്കപാത.ഹിമാചലിലെ മണാലിയില്‍ നിന്നും ലഡാക്കിലെ ലേയിലേക്കുള്ള യാത്രാദൂരം 46 കിലോമീറ്റര്‍ കുറയ്ക്കാനാവുമെന്നതാണ് തുരങ്കപാതയുടെ പ്രധാന പ്രത്യേകത. ഇതിനെല്ലാം പുറമേ അതിര്‍ത്തിയിലെ തന്ത്രപ്രധാനമേഖലകള്‍ 6 മാസം ഒറ്റപ്പെട്ടുപോകുന്നത് അവസാനിപ്പിക്കാന്‍ സാധിക്കും.അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ 2000 ജൂണിലാണ് ഹിമാചലില്‍ തുരങ്കം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2002 മേയ് 26ന് തറക്കല്ലിട്ടു. 2010 ജൂണിലാണ് നിര്‍മ്മാണം തുടങ്ങിയത്.

Related News