ലോണ്‍ കാലാവധി നീട്ടില്ല; ഒക്ടോബർ മുതല്‍ വായ്പ തിരിച്ചടവ് ആരംഭിക്കുമെന്ന് ബാങ്കിംഗ് അസോസിയേഷന്‍

  • 06/10/2020

കുവൈത്ത് സിറ്റി:  ഒക്ടോബർ മാസം മുതല്‍ ബാങ്കുകൾ വായ്പ തിരിച്ചടവ് ഈടാക്കുമെന്ന് ബാങ്കിംഗ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ എല്ലാ  ഉപഭോക്താക്കൾക്കും വായ്പാ തിരിച്ചടവിനു ആറുമാസത്തെ സാവകാശം അനുവദിച്ചിരുന്നു. കൊറോണ ഭീഷണിയുടെ  പ്രത്യേക സാഹചര്യത്തിലായിരുന്നു ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.    

വായ്പാ കാലാവധി നീട്ടുവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ  നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.  സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഈ മാസം മുതല്‍ ലോണ്‍ തിരിച്ചടവ് ആരംഭിക്കുമെന്നും കുവൈത്ത് ബാങ്കിംഗ് അസോസിയേഷൻ അറിയിച്ചു. 

കഴിഞ്ഞ ആറ് മാസം ഇളവ് നല്‍കിയത് മൂലം ബാങ്കുകള്‍ക്ക് 750 ദശലക്ഷം ദിനാറിന്‍റെ നഷ്ടം ഉണ്ടായതാണ് കണക്കാക്കപ്പെടുന്നത്. ഇളവുകള്‍ വീണ്ടും ദീര്‍ഘിപ്പിക്കുന്നത് ബാങ്കുകളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും അധിക കമ്മി വഹിക്കാൻ ഇപ്പോയത്തെ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക്  കഴിയില്ലെന്നും അസോസിയേഷൻ പറഞ്ഞു. 

കോവിഡ്  ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം വിദേശികള്‍ക്ക്  നിരവധി പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. ഈ ഘട്ടത്തിൽ ലോൺ തിരിച്ചടവില്‍ ആറ് മാസം സാവകാശം ലഭിച്ചത് വലിയ ആശ്വാസമായിരുന്നു. അതിനിടെ യാത്രാ വിലക്ക് കാരണം തിരികെയെത്താവാത്തതിനാല്‍ വായ്‍പാ തിരിച്ചടവ് മുടങ്ങിയ പ്രവാസികള്‍ക്കെതിരെ ബാങ്കുകള്‍ നടപടിക്കൊരുങ്ങുന്നതായും  റിപ്പോര്‍ട്ടുകളുമുണ്ട്. 

50 കുവൈത്തി ദിനാറിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കുള്ള ലോണുകള്‍ തിരിച്ചടയ്‍ക്കാതിരുന്നാല്‍ പ്രോസിക്യൂഷന്‍ അംഗീകാരം ലഭിക്കുമെന്നാണ് സൂചന. വായ്പ തിരിച്ചടക്കാത്തവരുടെ ജാമ്യക്കാര്‍ക്കെതിരെയും നടപടികള്‍ ആരംഭിക്കുവാന്‍ നീക്കമുണ്ട്. 

Related News