കരച്ചിൽ വൈറലായതിന് പിന്നാലെ 'ബാബാ കാ ധാബാ' വൻ ഹിറ്റ്

  • 09/10/2020

കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് വഴിയോരത്തെ ഭക്ഷണ കച്ചവടക്കാരായിരുന്നു. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എൺപത് കഴിഞ്ഞ ഒരു വൃദ്ധൻ പൊട്ടിക്കരയുന്ന വീഡിയോയാണ് ട്വിറ്ററിൽ വൈറലായിത്. കൊവിഡ് മഹാമാരി കാന്താ പ്രസാദ് എന്ന സാധാരണക്കാരന്റേയും ഭാര്യയുടേയും ജീവതത്തില്‍ തീര്‍ത്ത കഷ്ടതയുടെ പ്രതിഫലനമായിരുന്നു ആ കരച്ചിലില്‍ മുഴുവനും നിഴലിച്ചത്.

സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ധാബാ എന്ന പേരില്‍ ഭക്ഷണശാല നടത്തുകയാണ് കാന്താപ്രസാദും ഭാര്യയും. ഏകദേശം മുപ്പത് വര്‍ഷത്തോളമായി കച്ചവടം തുടങ്ങിയിട്ട്. സാമ്പത്തിക ലാഭം ലക്ഷ്യം വയ്ക്കാതെ അധ്വാനിച്ചതുകൊണ്ടുതന്നെ കാര്യമായ നീക്കിയിരിപ്പുകളും ഇല്ല ഈ വൃദ്ധ ദമ്പതികള്‍ക്ക്. അന്നന്നത്തേക്കുള്ള ചെലവിനുള്ളത് മാത്രം കണ്ടെത്തിയിരുന്ന ഈ വൃദ്ധ ദമ്പതികൾക്ക് കൊവിഡ് വൻ പ്രഹരമാണ് ഏൽപ്പിച്ചത്.

ഭക്ഷണമുണ്ടാക്കി മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കച്ചവടം ഒന്നു ലഭിക്കാതിരുന്ന എണ്‍പത് കാരനായ കാന്താ പ്രസാദ് നിറകണ്ണുകളോടെ പറഞ്ഞ വാക്കുകള്‍ ഫുഡ് ബ്ലോഗര്‍ ഗൗരവ് വാസന്‍ പകര്‍ത്തി നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുയായിരുന്നു.ഇവരുടെ പ്രയാസങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ ട്വിറ്ററിൽ വളരെ വേഗത്തിൽ വൈറലാവുകയും സെലബ്രിറ്റികളടക്കമുള്ളവർ റീ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.  നിറമിഴികളോടെ തന്റെ അവസ്ഥ പറയുന്ന കാന്താ പ്രസാദിന്റെ വാക്കുകള്‍ കാഴ്ചക്കാരുടെ പോലും ഉള്ളു പൊള്ളിക്കുന്നതായിരുന്നു. 


ബാബാ കാ ധാബയില്‍ വന്നു ഭക്ഷണം കഴിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനു പിന്നാലെ കടയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. നന്മ വറ്റാത്ത മനുഷ്യർ ആ വൃദ്ധ ദമ്പതികൾക്കാവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുകയും അവിടെ നിന്ന് ഭക്ഷണങ്ങൾ വാങ്ങിക്കഴിക്കുകയും ചെയ്യുന്നു. കരഞ്ഞമുഖവുമായി സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട കാന്താപ്രസാദിന്റെ ചിരിക്കുന്ന മുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ മനസ്സ് നിറക്കുകയാണ്. 


Related News