കുവൈത്തിലെ പ്രവാസികൾക്ക് ആശ്വാസ വാർത്ത; റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനുള്ള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി

  • 31/12/2020

കുവൈറ്റിൽ റസിഡൻസ് ലംഘിച്ച്  അനധികൃതമായി കഴിയുന്ന പ്രവാസികൾക്ക് വീണ്ടും അവസരം നൽകി അധികൃതർ. പ്രവാസികൾക്ക് സ്റ്റാറ്റസ് ഭേദഗതി ചെയ്യാനും, രാജ്യം വിടാനുള്ള പ്രവാസികൾക്കും ജനുവരി 31 വരെ സമയപരിധി നീട്ടി നൽകിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കോവിഡ്  ബ്രിട്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വ്യാപിച്ചതോടെ അന്താരാഷ്ട്ര വിമാനത്താവളവും എല്ലാ അതിർത്തികളും താൽക്കാലികമായി കുവൈറ്റ് അടച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നിരവധി പ്രവാസികൾക്ക് അവരുടെ സ്റ്റാറ്റസ് ഭേദഗതി ചെയ്യാനോ, രാജ്യം വിടാനോ  സാധിച്ചില്ല എന്ന വിലയിരുത്തലിലാണ് അധികൃതർ ഒരു മാസത്തേക്ക് കൂടി സമയപരിധി നീട്ടി നൽകിയത്. നേരത്തെ അടുത്തമാസം മുതൽ നിയമലംഘകരെ കണ്ടെത്താൻ പരിശോധന ആരംഭിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു മാസത്തെ  ഇളവ് കൂടി അനുവദിച്ചതോടെ പരമാവധി പ്രവാസികൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ലക്ഷത്തി എഴുപതിനായിരം ത്തോളം പേരാണ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ആയിരത്തിൽ താഴെ പേർ മാത്രമേ സ്റ്റാറ്റസ് ഭേദഗതി ചെയ്ത്  നിയമവിധേയമാക്കി യിട്ടുള്ളൂ. ഈ അവസരം കൂടി പ്രവാസികൾ പാഴാക്കുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഈ മാസത്തെ ഇളവ് പ്രയോജനപ്പെടുത്തിയില്ലെങ്കിൽ പ്രവാസികളെ കുവൈറ്റിൽ നിന്ന് നാടുകടത്തുകയും ഒരിക്കലും മടങ്ങി വരാത്ത വിധം കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News